എസ്. രാജന്
എരുമേലി: മണിക്കുട്ടി ഒരു നോണ്‍ വെജിറ്റേറിയനാണ്. കോഴിയിറച്ചിയും മുട്ടയും തിന്ന് മണിക്കുട്ടി എന്ന ആട് ശദ്ധേയ ആവുന്നു. പമ്പാവാലി അഴുതമുനി താന്നിയ്ക്കല്‍ വീട്ടില്‍ വക്കച്ചന്- ലിസി ദമ്പതികളുടെ വീട്ടിലെ മണിക്കുട്ടി എന്ന ആടാണ് കൗതുകമാകുന്നത്. വിശക്കുമ്പോള്‍ പറമ്പില്‍ ഓടിനടന്ന് പച്ചിലകള്‍ മാത്രം കഴിക്കുന്ന പതിവു രീതിക്ക് മാറ്റം വന്നപ്പോള്‍ വീട്ടുകാരും ആദ്യം ഒന്നു ഞെട്ടി.
വീട്ടില്‍ മിച്ചം വന്ന കോഴിയിറച്ചി മണിക്കുട്ടിയുടെ നേരെ നീട്ടിയപ്പോള്‍ ലിസിയുടെ കയ്യിലിരുന്ന പാത്രത്തില്‍നിന്നും മണിക്കുട്ടി കഴിക്കാനാരംഭിച്ചു. എരിവും മസാലക്കൂട്ടും ചേര്‍ത്തുണ്ടാക്കിയ കറി നിമിഷത്തിനകം മണിക്കുട്ടി അകത്താക്കി. വീട്ടുകാര്‍ക്ക് അത്ഭുതമായി.
വക്കച്ചന്- ലിസി ദമ്പതികളുടെ മകളും മരുമകനും വന്നപ്പോള്‍ പൊരിച്ച മുട്ട നല്കിയപ്പോഴും മണിക്കുട്ടി മടി കാണിച്ചില്ല. അവള് യാതൊരു മടിയുംകൂടാതെ അതും അകത്താക്കി. ഇതോടെ ഇവള് ഒരു നോണ്‍ വെജിറ്റേറിയനെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. അയല്‍വാസി വീടുമാറിപ്പോയപ്പോള്‍ നല്കിയ ആടിനെ മൂന്നുമാസം മുമ്പാണ് വക്കച്ചനും ലിസിയും വാങ്ങിയത്.
പച്ചിലകളില്ലെങ്കിലും മറ്റു ഭക്ഷണമായാലും അവള് ഒരു നേരം തള്ളിനീക്കുമെന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും നോണ്വെജിറ്റേറിയനായി അവള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല തന്നെ. പാചകം ചെയ്ത് പാത്രത്തിലാക്കി അടുത്തുകൊടുത്താല് അവള് കഴിക്കും അത്രമാത്രം. തുടര്‍ന്ന് അല്പം മേമ്പൊടിക്കായി പച്ചിലകളിലേതെങ്കിലും ഒന്നു കടിച്ചിറക്കും അത്രമാത്രം.
മിശ്രഭോജിയായ മണിക്കുട്ടി ഇന്ന് അഞ്ചുമാസം ഗര്‍ഭിണിയാണെന്നും പാലിനുവേണ്ടി മാത്രമല്ല, ഇവളെ നോക്കുന്നതെന്നും വീട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: