ഈരാറ്റുപേട്ട: മീനച്ചിലാര്‍ തുടക്കം മുതല്‍ മാലിന്യനിക്ഷേപ കേന്ദ്രം. മീനച്ചിലാറിനെ ഏറ്റവുമധികം മലിനമാക്കുന്നത് ഉത്ഭവപ്രദേശത്തിന് ഏറ്റവും അടുത്തുള്ള ഇരാറ്റുപേട്ട, നഗരത്തില്‍ തന്നെയാണ്. വിവിധ ഫാക്ടറികള്‍, കച്ചവടസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍, നിരവധി അറവുശാലകള്‍ തുടങ്ങിയ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടെയും മാലിന്യങ്ങള്‍ നദിയിലേക്കാണ് ഒഴുക്കിവിടുന്നത്. തീക്കോയി, പൂഞ്ഞാര്‍ കൈവഴികളിലൂടെ ഒഴുകിവരുന്ന മീനച്ചിലാറിന്റെ സംഗമസ്ഥാനമായ നഗരമദ്ധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്കുഡാം ഇന്ന് മാലിന്യസംഭരണിയായി മാറിയിരിക്കുകയാണ്. നഗരമാലിന്യം ശേഖരിച്ച് തള്ളുന്ന തേവരുപാറയിലെ ഡമ്പിങ് യാര്‍ഡില്‍ മാലിന്യസംസ്കരണ സംവിധാനമൊരുക്കാത്തതിനാല്‍ മഴക്കാലത്ത് ഇവിടെക്കിടന്ന് ചീഞ്ഞ് അളിഞ്ഞ് മാലിന്യം വീണ്ടും നദിയിലേക്കുതന്നെ പതിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലയുടെ പ്രധാന നദിയും മത്സ്യസമ്പത്തിന്റെ കലവറയുമായ മീനച്ചിലാര്‍ ഇന്ന് വിഷലിപ്തമാണ്. മാലിന്യവാഹിനിയായി ദിനംപ്രതി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. പശ്ചമഘട്ട പര്‍വ്വതനിരകളിലാണ് മീനച്ചിലാറിന്റെ ഉത്ഭവം. വാഗമണ്ണില്‍ നിന്ന് ഉത്ഭവിക്കുന്ന തീക്കോയി ആറും കുടമുരുട്ടി, അരുവിക്കച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന പൂഞ്ഞാര്‍ നദിയും ഈരാറ്റുപേട്ടയില്‍ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചലാറിന് ഏകദേശം 70 കിലോമീറ്റര്‍ ദൈര്‍ഘ്യം ആണ് കണക്കാക്കുന്നത്.
ഗൗണമഹര്‍ഷിയുടെ കമണ്ഡലുവില്‍നിന്ന് സൃഷ്ടിച്ചതാണ് മീനച്ചിലാര്‍ എന്നാണ് ഐതീഹ്യം. അതുകൊണ്ട് കവണാര് എന്നും മീനച്ചിലാര്‍ അറിയപ്പെടുന്നു. വര്‍ഷകാലത്ത് ഇല്ലിക്കക്കത്തില് നിന്നും നീലക്കൊടുവേലി ഒഴുകുമെന്നും പൗരാണിക കാലം മുതല്‍ വിശ്വസിക്കപ്പെടുന്ന പുണ്യനദിയായ മീനച്ചിലാര്‍ ഇന്ന് നാശോന്മുഖമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: