മുഹമ്മ: വധശ്രമ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മ സ്റ്റേഷനിലെ മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗ്രേഡ് എഎസ്ഐ: മദനപ്പന്‍, സിപിഒമാരായ കവിത, ചന്ദ്രബാബു എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് കെ. ബാലചന്ദ്രന് സസ്പെന്‍ഡ് ചെയ്തത്.
ചെറുവാരണം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് ബി. ആര്. സജീവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയുമായ കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോലോത്ത് വെളി അരുണ്‍കുമാറാ (21)ണ് മുഹമ്മ സ്റ്റേഷനില്‍ നിന്നും ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ രക്ഷപെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കവിതയെ തള്ളിയിട്ട ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്. പ്രതികളെ പ്രാഥമിക കൃത്യനിര്‍വഹണത്തിനും മറ്റുമായി സെല്ലില്‍ നിന്നും പുറത്തിറക്കുമ്പോള്‍ പ്രവേശന കവാടം പൂട്ടിയിരിക്കണമെന്ന ചട്ടം പാലിക്കാതിരുന്നതാണ് പ്രതി രക്ഷപെടാന്‍ ഇടയാക്കിയതെന്നാണ് പോലീസുകാര്‍ക്കെതിരേയുള്ള കുറ്റം.
ജില്ലാ പോലീസ് ചീഫ് മുഹമ്മ സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതേത്തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ്ചെയ്തത്. നിലവില്‍ മുഹമ്മ സ്റ്റേഷനില്‍ പ്രിന്‍സിപ്പള്‍ എസ്ഐയില്ലായിരുന്നു സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപെട്ട സംഭവത്തെ തുടര്‍ന്ന് മാരാരിക്കുളം എസ്ഐ: ഇഗ്നേഷ്യസിനെ മുഹമ്മ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. സിഐ: കെ.ജി. അനീഷിന്റെ മേല്‍നോട്ടത്തില്‍ മുഹമ്മ എസ്ഐയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: