മുഹമ്മ: പഞ്ചാബില്‍ നടന്ന ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി. ശ്രീക്കുട്ടിയും, സി. അശ്വതിയും സ്കൂളിന്റെയും ജന്മനാടായ മുഹമ്മയുടെയും യശസുയര്‍ത്തി. നാലാം തവണയാണ് ഇവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.
പ്ലസ്വണ് വിദ്യാര്‍ഥിനി ശ്രീക്കുട്ടി 57 കിലോ വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. 63 കിലോ വിഭാഗത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി സ്വര്‍ണവും വെള്ളിയും നേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇരുവരും ദേശീയ സംസ്ഥാന മല്‍സരങ്ങളിലായി സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ മുപ്പതിലേറെ മെഡലുകള്‍ വീതം കരസ്ഥമാക്കിയിട്ടുണ്ട്. മുഹമ്മ ചാണിവെളി ശിവപ്രസാദ്- ശ്രീദേവി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി. ജീവിത പ്രാരാബ്ധങ്ങള്ക്കിടെയാണ് ശ്രീക്കുട്ടി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നത്. അച്ഛന് വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ശ്രീക്കുട്ടിക്ക് പോഷക സമൃദ്ധമായ ഭക്ഷണം പോലും നല്കാന് കഴിയാത്ത അവസ്ഥയിലാണ്. ഒറ്റമുറി കൂരയിലാണ് നാലംഗ കുടുംബം തലചായ്ക്കുന്നത്.
മുഹമ്മ പൂജവെളി പുളിച്ചുവട്ടില്‍ ചന്ദ്രബാബു-ലേഖ ദമ്പതികളുടെ മകളാണ് അശ്വതി. മേസ്തിരിപണിക്കാരനായ ചന്ദ്രബാബുവിന്റെ വരുമാനം അശ്വതിക്ക് പോഷകാഹാരം വാങ്ങാന്‍ ചെലവഴിക്കുന്നതിനാല്‍ മറ്റാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. സ്കൂളിലെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് കായികാധ്യാപകന് വി. സവിനയനാണ് ശ്രീക്കുട്ടിയേയും അശ്വതിയേയും പരിശീലിപ്പിക്കുന്നത്. മെച്ചപ്പെട്ട പരിശീലന ഉപകരണങ്ങളും പോഷകാഹാരവും ലഭിക്കുകയാണെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് സവിനയന്‍ പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റും പിറ്റിഎയും അധ്യാപകരും നല്കുന്ന പ്രോത്സാഹനം കായിക താരങ്ങള്‍ക്ക് പ്രചോദനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: