ലോക ബാഡ്മിന്റണില്‍ വനിതാ വിഭാഗത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ എയ്സ് സൈന നെഹ്വാള് കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പര്‍ താരമായി മാറിയാണ് സൈന പുതിയ ചരിത്രം കുറിച്ചത്.
ഇൗ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഫൈനലിലെത്തുകയും എതിരാളിയായിരുന്ന സ്പാനിഷ് താരം കരോലിന മാരിന് സെമിയല്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് സൈന ഒന്നാം നമ്പറിലേക്ക് കുതിച്ചത്. തൊട്ടുപിന്നാലെ ചരിത്രത്തിലാദ്യമായി സൈന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ജേത്രിയാവുകയും ചെയ്തു.
തന്റെ 25-ാം പിറന്നാള്‍ ആഘോഷിച്ച് അധികദിവസം കഴിയും മുന്നേയാണ് സൈന ഒന്നാം നമ്പര്‍ പദവിയിലെത്തിയത്. പുരുഷ വിഭാഗത്തില്‍ പ്രകാശ് പദുകോണിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും സൈനക്ക് സ്വന്തമായി. ഈ വര്‍ഷം മൂന്ന് ടൂര്‍ണമെന്റുകളില്‍ കളിച്ചതില്‍ രണ്ടെണ്ണത്തില്‍ കിരീടം നേടുകയും ഒന്നില്‍ റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട് ഇന്ത്യന്‍ കായികരംഗത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ സൈന.
ബാഡ്മിന്റണിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലാണ് ഫൈനലില്‍ പരാജയപ്പെട്ടത്. സ്പാനിഷ് താരം കരോലിന മാരിനാണ് സൈനയെ കീഴടക്കിയത്. ഈ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ആദ്യ ഭാരത വനിതയും സൈനയാണ്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രിക്സ് ഗോള്‍ഡിലും ഇന്ത്യന്‍ സൂപ്പര്‍ സീരിസിലുമാണ് ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ളൈ എന്ന പേരിലറിയപ്പെടുന്ന സൈനയുടെ കിരീടനേട്ടം.
ഹരിയാനയിലെ ഹിസാറില്‍ 1990 മാര്‍ച്ച് 17ന് ചൗധരി ചരണ്‍സിംഗ് ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥനായ ഡോ. ഹര്‍വീര്‍ സിംഗിന്റെയും അമ്മ ഉഷാ റാണിയുടെയും രണ്ടാമത്തെ മകളായാണ് സൈനയുടെ ജനനം. ഹരിയാനയിലെ മുന്‍ സംസ്ഥാന ചാമ്പ്യന്മാരായ മാതാപിതാക്കളില്‍ നിന്നും കിട്ടിയ ബാഡ്മിന്റണ്‍ പ്രേമമാണ് എട്ടാം വയസില്‍ തന്നെ സൈനയെ ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തിച്ചത്. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലെ ബാഡ്മിന്റണ്‍ കോച്ച് നാനി പ്രസാദിന്റെ കീഴിലായിരുന്നു ആദ്യകാലത്ത് സൈനയുടെ പരിശീലനം. പിന്നീടാണ് ഹൈദരാബാദിലേക്ക് മാറിയത്.
ദ്രോണാചാര്യ ജേതാവും മുന്‍ ഇന്റര്‍നാഷണല്‍ താരവുമായ എസ്.എം. ആരിഫിന്റെ കീഴിലെത്തിയതിനു ശേഷമാണ് സൈന പ്രൊഫഷണല്‍ താരമായി മാറിയത്.
പിന്നീട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കുന്ന പുല്ലേല ഗോപീചന്ദ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് സൈനയും ലോകനിലവാരത്തിലേക്ക് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ മുന്‍ രാജ്യാന്തര താരം വിമല്‍ കുമാറിന്റെ കീഴിലേക്ക് പരിശീലനം മാറ്റിയതോടെ സൈനയുടെ പോരാട്ടവീര്യത്തിന് മൂര്‍ച്ചകൂടി. കോര്‍ട്ടില്‍ അഗ്രസീവായി കളിക്കുന്ന സൈനയെയാണ് പിന്നീട് കണ്ടത്. 2014ലെ ചൈന ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ സ്വര്‍ണ്ണം നേടി മറ്റൊരു ചരിത്രവും സൈന സ്വന്തമാക്കി.
ഡ്രോപ് ഷോട്ടുകള്‍ എടുക്കാനുള്ള സൈനയുടെ മികവും വിമല്‍കുമാറിന്റെ പരിശീലനത്തില്‍ കീഴില്‍ വര്‍ധിച്ചു. ഭാരതത്തില്‍ നിന്ന് ഒളിമ്പിക് ജേതാക്കളെ വാര്‍ത്തെടുക്കാനുള്ള ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റില് ഉള്‍പ്പെട്ട താരങ്ങളിലൊരാള്‍ കൂടിയാണ് സൈന. ഇവരില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്നതും സൈന തന്നെ. ഇടക്കാലത്ത് പ്രശസ്ത ഇന്‍ഡോനേഷ്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായ അതിക് ജൗഹരിയുടെ കീഴിലും സൈന പരിശീലനം നടത്തിയിരുന്നു.
2004ല്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായാണ് സൈന തന്റെ വരവറിയിച്ചത്. 2006ല്‍ സീനിയര്‍ ചാമ്പ്യന്‍ പട്ടവും. അതേവര്‍ഷം ഇഞ്ചിയോണില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ വെള്ളി നേടിയതോടെ സൈനയെ ബാഡ്മിന്റണ്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.
2008-ല്‍ പൂനെയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ നേട്ടം സ്വര്ണ്ണത്തിലെത്തി. അതേവര്‍ഷം കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലും സിംഗിള്‍സ് സ്വര്‍ണ്ണം സൈനക്കായിരുന്നു. 2009ല്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയിച്ചാണ് ആദ്യ അന്താരാഷ്ട്ര പ്രൊഫഷണല്‍ കിരീടം നേടിയത്. ഇതോടെ സൈന ബാഡ്മിന്റണിലെ ചൈനീസ് അപ്രമാദിത്തത്തെ വെല്ലുവിളിക്കുന്ന ലോകതാരമായി മാറുകയും ചെയ്തു.
ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഭാരത ബാഡ്മിന്റണ്‍ താരം എന്ന നേട്ടവും ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിഫൈനല്‍ എത്തുന്ന ആദ്യത്തെ ഭാരത താരം എന്ന നേട്ടവും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ സൈന സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ ടിനെ ബൗണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്പിച്ചത്. എന്നാല്‍ സെമിഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ യിഹാന് വാങിനോട് പരാജയപ്പെടുകയും ചെയ്തു.
ലൂസേഴ്സ് ഫൈനലില്‍ വെങ്കലം നേടിയതോടെ കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത വനിത എന്ന നേട്ടത്തിനും സൈന ഉടമയായി.
അനുപമമായ ഈ നേട്ടത്തിനിടയിലും ചില വിവാദങ്ങളിലും സൈന ഉള്‍പ്പെടുകയുണ്ടായി.
പുതിയ സംസ്ഥാന രൂപീകരണത്തിനു ശേഷം ടെന്നീസ് താരം സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയപ്പോഴാണ് സൈന ആദ്യമായി വിവാദത്തിലകപ്പെട്ടത്. പിന്നീട് കഴിഞ്ഞ വര്‍ഷം പത്മഭൂഷണ്‍ വിവാദത്തിലൂം സൈന ഉള്‍പ്പെട്ടു. എങ്കിലും അംഗീകാരങ്ങള്‍ക്കു വേണ്ടി വെറുതെ തര്‍ക്കിക്കുകയാണ് സൈന എന്നു പറയാന്‍ ഇടകൊടുത്തില്ല ഹരിയാനയില്‍ നിന്നു വന്ന് ഹൈദരാബാദിന്റെ ദത്തുപുത്രിയായ ഈ ഇരുപത്തഞ്ചുകാരി.
കരിയറില്‍ ഇതുവരെ കിരീടങ്ങളാണ് സൈന നേടിയിട്ടുള്ളത്. എങ്കിലും ഒരു കാര്യം സത്യമാണ്. സൈനയുടെ വരവോടെ ഭാരത ബാഡ്മിന്റണ്‍ രംഗത്തുണ്ടായ കുതിപ്പ് വളരെ വലുതാണ്.
സൈന നെഹ്വാളിന്റെ രാജ്യാന്തര നേട്ടങ്ങള്‍
- 2003-ല്‍ ചെക്കോസ്ലോവാക്യ ജൂനിയര്‍ ഓപ്പണ്‍ കിരീടം, 2004-ല്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് വെള്ളി, 2005-ല്‍ ഏഷ്യന്‍ സാറ്റലൈറ്റ് ബാഡ്മിന്റണ്‍.
- 2006-ല്‍ ഫിലിപ്പീന്‍സ് ഓപ്പണ്‍ കിരീടം, ഫോര്‍ സ്റ്റാര്‍ ടൂര്‍ണമെന്റ് കിരീടം, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി.
- 2006-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം, ഏഷ്യന്‍ സാറ്റലൈറ്റ് ടൂര്‍ണമെന്റ് കിരീടം.
- 2008-ല്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് സ്വര്‍ണം, 2008-ല്‍ ലോക ജൂനിയര്‍ ചാമ്പന്‍ഷിപ്പില്‍ കിരീടം, ചൈനീസ് തായ്പേയ് ഓപ്പണ്‍ കിരീട വിജയം.
- 2009-ല്‍ ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം.
- 2010-ല്‍ സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് കിരീടം, ഇന്തോനേഷ്യ, ഹോങ്കോംഗ് സൂപ്പര്‍ സീരീസ് കിരീടം, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രി സ്വര്‍ണ്ണം.
- 2011-ല്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്സ് ഗോള്‍ഡ്, ലോക ബാഡ്മിന്റന്‍ ഫെഡറേഷന് സൂപ്പര്‍ സീരീസ് സിംഗിള്‍സ് റണ്ണര്‍ അപ്പ്.
- 2012-ല്‍ തായ്ലന്റ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രി ഗോള്‍ഡ്,ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, ഒളിമ്പിക്സ് വെങ്കലം, സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രി, ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം.
- 2014-ല്‍ ഇന്ത്യ ഓപ്പണ്‍ കിരീടം, ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം, ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്
- 2015-ല്‍ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് റണ്ണര്‍ അപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: