മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ വികസനത്തെ സംബന്ധിച്ച യോഗത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയവരില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അമീര്‍ ഖാന്, സല്മാന് ഖാന്, റിതേഷ് ദേശ്മുഖ്, ഫര്ഹാന് അക്തര്‍, ഗാനരചയിതാവ് ജാവേദ് അക്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തത്.
മുംബൈയുടെ വികസന പദ്ധതികള്‍ക്കായി ജനങ്ങളും സര്‍ക്കാരും കൈകോര്‍ക്കണമെന്ന് അവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ചില വികസന പദ്ധതികളെ ജനങ്ങള്‍ എതിര്‍ത്താല്‍ നഗരത്തിന്റെ നന്മയ്ക്കുവേണ്ടി ഭരണകൂടം പുനര്‍വിചിന്തനം നടത്തണമെന്നും താരങ്ങള്‍ നിര്‍ദേശിച്ചു.
നഗരത്തിലെ ഹരിത മേഖലയായ ആരെയ് കോളനിയിലെ മെട്രോ കാര്‍ ഷെഡിനെ കേന്ദ്രീകരിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ച അമീര്‍ ഖാനാണ് ചര്‍ച്ചയില്‍ കത്തിക്കയറിയ പ്രമുഖന്. ആരെയ് കോളനിയുടെ സൗന്ദര്യത്തെ വികസന പദ്ധതി അലോസരപ്പെടുത്തുമെങ്കില് അത് ആശങ്കാകുലമായ കാര്യം തന്നെ, അമീര്‍ പറഞ്ഞു. വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ പൊതുജനാഭിപ്രായം കൂടി സര്‍ക്കാര്‍ തേടണം. നേരത്തെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത്തരത്തിലെ യോഗങ്ങള്‍ വിളിക്കേണ്ട ആവശ്യം വരുമായിരുന്നില്ലെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: