സജലജലദദേഹോ വാതവേഗൈകവാഹഃ
കരധൃതകരവാളഃ സര്വലോകൈകപാലഃ
കലികുല വനഹന്താ സത്യധര്മ്മപ്രണേതാ
കലയതുകുലശംവഃ കല്ക്കിരൂപഃ സഭൂപഃ
വായുവിനേക്കാള്‍ വേഗതയേറിയ കുതിരയുടെ പുറത്ത് സഞ്ചരിക്കുന്നവനും മഹേശ്വരദത്തമായ ഖഡ്ഗത്തെ കൈയില്‍ പിടിച്ചിരിക്കുന്നവനും പുതുകാര്മേഘത്തിന്റെ വര്ണ്ണത്തോടുകൂടിയവനും കലികാലത്തെ ഒട്ടാകെ നശിപ്പിച്ചവനും സത്യധര്‍മ്മങ്ങളെ ശരിയായി പരിപാലിക്കുന്നവനും വിഷ്ണുയശസ്സിന്റെ പുത്രനായി കല്‍ക്കി എന്ന നാമധേയത്തില്‍ ശംഭള ഗ്രാമത്തില്‍ അവതരിച്ചവനുമായ വിഷ്ണു ഭഗവാന് ലോകര്‍ക്ക് എന്നെന്നും മംഗളത്തെ നല്കട്ടെ.
ക്ഷേത്രാരാധന ഹിന്ദുമതത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ഭക്താനുഗ്രഹാര്‍ത്ഥം സര്വേശ്വരന് അധിവസിക്കുന്ന പുണ്യസങ്കേതമാണ് ക്ഷേത്രം. ഈശ്വരന് ഏകനും നിരാകാരനുമാണെങ്കിലും ഭക്തന്മാര് ഏതു രൂപത്തിലാണോ ഉപാസിക്കുന്നത്, അതാതുരൂപത്തില് തന്നെ അവരെ അനുഗ്രഹിക്കുന്നു. അതുകൊണ്ടാണ് നാനാവിധ ദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ളതും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളോടു കൂടിയതുമായ അനേകം ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.
വിശ്വത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് യഥാക്രമം ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരാണെന്ന തത്ത്വം വളരെ പ്രസിദ്ധമാണ്.സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുര്‍ജ്ജനങ്ങളെ ശിക്ഷിക്കുന്നതിനും ധര്‍മ്മത്തെ പുനഃസ്ഥാപിക്കുന്നതിനുംവേണ്ടി വിഷ്ണു ഭഗവാന് യുഗങ്ങള്‍തോറും അവതാരങ്ങള്‍ കൈകൊള്ളുന്നുവെന്ന് ഇതിഹാസപുരാണങ്ങളിലെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
കലിയുഗാന്ത്യത്തില്‍ കലിദോഷങ്ങളെയെല്ലാം ഇല്ലാതാക്കി സത്യത്തെയും ധര്‍മ്മത്തെയും പുനഃസ്ഥാപിക്കുന്നതിനായി ഭഗവാന് കൈക്കൊള്ളുന്ന അവതാരമാണ് കല്ക്ക്യവതാരം. വിഷ്ണുഭഗവാന്റെ കല്ക്ക്യവതാരഭാവത്തിലുള്ള അപൂര്‍വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നും 3 കിലോമീറ്റര്‍ ദൂരത്തില്‍ തെക്കുപടിഞ്ഞാറായി മുട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചിറയ്ക്കല്‍ ശ്രീ കല്‍ക്കി ക്ഷേത്രം. കേരളത്തിലെ ഏക കല്‍ക്കി ക്ഷേത്രവും ഇതാണെന്ന പ്രതേ്യകതയുമുണ്ട്.
കുതിരപ്പുറത്ത് ഉപവിഷ്ഠനായി വാള് കൈയിലെടുത്ത് ദുഷ്ടനിഗ്രഹം ചെയ്യുന്ന ഭാവത്തിലുള്ളതാണ് ഇവിടുത്ത കല്‍ക്കി ഭഗവാന്റെ പ്രതിഷ്ഠ. കല്‍ക്കി ഭഗവാനെ കൂടാതെ കരിങ്കാളി, ഭദ്രകാളി, ചാമുണ്ഡേശ്വരി, മഹാഗണപതി, നാഗര്‍ തുടങ്ങിയവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ജീവിതപ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന അനേകായിരം ഭക്തന്മാര്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഈ പുണ്യക്ഷേത്രം ശോഭിച്ചു നില്ക്കുന്നു.
ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം
മുട്ടത്തറ പ്രദേശത്തെ കുന്നിന്ചെരുവില് കായിക്കര തറവാട്ടിലെ കാരണവര്‍ ഒരു ആല്‍ത്തറ കെട്ടി കരിങ്കാളിയെ ഉപാസിച്ചുവന്നിരുന്നു. അങ്ങനെയിരിക്കെ, ചില രാത്രികാലങ്ങളില്‍ പച്ചത്തൊപ്പിയണിഞ്ഞ് വാളും പരിചയും കൈയിലേന്തിയ ഒരു തേജസ്വിയായ യോദ്ധാവ് കുതിരപ്പുറത്ത് കുളമ്പടി ശബ്ദത്തോടുകൂടി വിളക്ക് കത്തുന്ന ആല്‍ത്തറയ്ക്കു സമീപം വന്നശേഷം അപ്രത്യക്ഷനാകുന്നതായി കാരണവര്‍ക്ക് കാണുവാന്‍ കഴിഞ്ഞു.
ആ തേജസ്വിയായ പുരുഷന് വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കല്‍ക്കി ഭഗവാനാണെന്നും അദ്ദേഹത്തിന് മനസ്സിലായി. ആ തേജോരൂപം ഇവിടെയെത്തിയതിന്റെ കാരണം ഇതാണ്. രാത്രികാലങ്ങളില്‍ കൈയില്‍ ഉടവാളുമേന്തി തേജസ്വിയായ ഒരു പുരുഷന് കുതിരപ്പുറത്തുകയറി തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിയുടെ ക്ഷേത്രസന്നിധിയെ ലക്ഷ്യമാക്കി പ്രയാണം ചെയ്യാറുണ്ടായിരുന്നുവത്രേ. ആ ദിവ്യരൂപത്തെ തടയുവാന്‍ ശ്രമിച്ച കാവല്ഭടന്മാര് അടുത്തദിവസം തന്നെ മരണപ്പെട്ടു കിടക്കുന്നതായും കാണപ്പെട്ടു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഇത്തരം ദുര്‍മരണങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവ് പ്രശസ്തരായ ജ്യോതിഷികളെക്കൊണ്ട് പ്രശ്നം വെപ്പിച്ച് അതിന്റെ കാരണം മനസ്സിലാക്കുകയും മാന്ത്രികപ്രയോഗത്തില്‍ അഗ്രഗണ്യനായ കൂപക്കര പോറ്റിയെക്കൊണ്ട് ആ അശ്വാരൂഢപ്രയാണത്തിന്റെ ഗതിമാറ്റി വിടുകയും ചെയ്തു.
അങ്ങനെയാണത്രേ ശ്രീപത്മനാഭനില്‍ വിലയം പ്രാപിക്കാന്‍ ആഗ്രഹിച്ച ആ തേജോരൂപം കായിക്കര തറവാട്ടിലെ കാരണവരുടെ ആല്‍ത്തറയില്‍ എത്തിച്ചേര്‍ന്നത്. ആ തേജസ് കാരണവരുടെ കുടുംബാംഗത്തിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും അദ്ദേഹം ഒരു വെളിച്ചപ്പാടായി വന്ന് തനിക്കിരിക്കാന്‍ ഒരു സ്ഥാനം വേണമെന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കാരണവര്‍ കുന്നില്‍ ചെരുവില്‍ ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ച് തമ്പുരാന് എന്ന് സങ്കല്പിച്ച് പൂജകള്‍ നിര്‍വഹിക്കുവാന്‍ തുടങ്ങി.
മീനമാസത്തിലെ തിരുവാതിര നാളിലാണ് പ്രതിഷ്ഠ നടന്നത്. പ്രസ്തുത പ്രതിഷ്ഠാദിനം കണക്കാക്കിയാണ് ഇന്ന് ഇവിടെ തിരുവാതിര മഹോത്സവം ആഘോഷിക്കുന്നത്. അശ്വാരൂഢനും ചതുര്‍ബാഹുവും ശംഖും, ചക്രം, വാള്, പരിച എന്നിവ കൈയിലേന്തിയതുമായ കല്ക്കിഭഗവാന്റെ ഒരു ശില്പം ഇവിടെ പ്രതിഷ്ഠിക്കുകയുണ്ടായി. കായിക്കര തറവാട്ടിലെ പിന്മുറക്കാരാണ് ഈ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ വടക്കുവശത്തായി പണ്ട് ഒരു ചിറ(കുളം) ഉണ്ടായിരുന്നു. ചിറയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന അര്‍ത്ഥത്തിലാണത്രേ ചിറയ്ക്കല്‍ ക്ഷേത്രം എന്ന പേരുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: