കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് ആറാട്ടോടെ പരിസമാപ്തി. ഒമ്പതാം ഉത്സവ ദിവസമായ ഇന്നലെ നടന്ന പള്ളിനായാട്ട് ഭക്തിസാന്ദ്രമായി. രാത്രി ഒരുമണിയോടെയാണ് ഭഗവാന്റെ പള്ളിവേട്ട എഴുന്നെള്ളത്ത് നടന്നത്. നാഗസ്വരം, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങളും ദീപക്കാഴ്ചയും എഴുന്നെള്ളത്തിന് പകിട്ടേകി.
ഇന്ന് രാവിലെ 8ന് ആറാട്ട് കടവിലേക്കുള്ള എഴുന്നെള്ളത്ത് നടക്കും. വൈകിട്ട് 6നാണ് ആറാട്ട്. കാരാപ്പുഴ ആറാട്ടുകടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകുളത്തിലാണ് ആറാട്ട്. ആറാട്ടുപൂജകള്ക്കുശേഷം ക്ഷേത്രമണ്ഡപത്തില്‍ പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പ്രത്യേക പൂജകള്‍ക്കും ദീപാരാധനയ്ക്കും ശേഷമാണ് തിരിച്ചെഴുന്നെള്ളത്ത്. ദേവീക്ഷേത്രത്തിന്റെ ഗോപുരത്തിനു പുറത്ത് ഭക്തജനങ്ങള്‍ നിറപറകള്‍ സമര്‍പ്പിച്ച് ഭഗവാനെ യാത്രയാക്കും. നാട്ടുവഴികളില്‍ വിവിധസംഘടനകളും ഭക്തസമൂഹവും ഒരുക്കിയിട്ടുള്ള സ്വീകരണങ്ങള്‍ക്കുശേഷം വെളുപ്പിന് 2.30ന് ക്ഷേത്രനടയില്‍ ആറാട്ടു വരവേല്‍പ്പു നല്‍കും. 5നും 6നും മദ്ധ്യേയാണ് കൊടിയിറക്ക്.
ഉത്സവത്തിന്റെ സമാപനം കുറിച്ചുള്ള സമ്മേളനം രാത്രി 9ന് ആരംഭിക്കും. ക്ഷേത്രപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരന് ഉത്സവസന്ദേശം നല്‍കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തും. കണ്വന്ഷന് പന്തലില്‍ രാത്രി 11ന് ഡോ. പട്ടാഭിരാമപണ്ഡിറ്റിന്റെ ആറാട്ട് കച്ചേരിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: