പെണ്മക്കളെ ഓര്‍ത്ത് സദാസമയം ആധിയാണ് മനസ്സില്‍. മുന്നോട്ടേക്ക് ചിന്തിക്കുമ്പോള്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ?. പണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വല്ല ടൈപ്പ് റൈറ്റിംങ്ങിനോ തയ്യലു പഠിക്കാനോ വിടാമായിരുന്നു. അതല്ലെങ്കില്‍ പ്രായപൂര്ത്തായാല് ഉള്ളതുകൊടുത്ത് ആരുടെയെങ്കിലും കൂടെ പറഞ്ഞുവിടാമായിരുന്നു. പെണ്മക്കളുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയുടെ ചിന്ത ഇങ്ങനൊക്കെത്തന്നായിരിക്കും.
പെണ്പിള്ളാരെ പഠിപ്പിച്ചിട്ടെന്തിനാ എന്ന ചിന്താഗതിയൊക്കെ പണ്ട്. ഇന്നത്തെക്കാലത്ത് പഠിച്ചവര്ക്കേയുള്ളു എവിടേയും ഡിമാന്റ്. അതിനാല്‍ത്തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. പക്ഷേ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന വിദ്യാഭ്യാസ ചെലവോര്ക്കുമ്പോഴാണ് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചുപോകുന്നത്. ഈ ആവലാതികള്‍ക്കിടയിലാണ് ആ ശുഭവാര്‍ത്ത കേട്ടത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപകരിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയെപ്പറ്റി. കേന്ദ്ര സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ക്ഷേമത്തിന് ഊന്നല്‍ നല്കി നടപ്പാക്കുന്ന ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്ന സുകന്യ സമൃദ്ധിയോജനയെക്കുറിച്ച് കേട്ടെങ്കിലും എങ്ങനെയാണ് ആ പദ്ധതിയില്‍ പങ്കാളികളാകുന്നത് എന്നത് സംബന്ധിച്ച് പല രക്ഷാകര്‍ത്താക്കള്‍ക്കും ധാരണയില്ല.
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്നുപോലും സുകന്യ സമൃദ്ധിയോജന അക്കൗണ്ട് തുറക്കാമെന്നതാണ് വാസ്തവം. കൂടാതെ അംഗീകൃത വാണിജ്യ ബാങ്കുകളില്ക്കൂടിയും അക്കൗണ്ട് തുറക്കാവുന്നതേയുള്ളു. നമ്മുടെ തന്നെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാസം തോറും നീക്കിവച്ചുകൊണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ് നാം ചെയ്യുന്നത്. പെണ് കുഞ്ഞിന്റെ ജനനം മുതല്‍ 10 വയസ്സ് ആകുന്നതുവരെ അവരുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാം.
1000 രൂപയാണ് പ്രാരംഭ നിക്ഷേപത്തുക. ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്-ഒന്നര ലക്ഷം രൂപ. ഏറ്റവും ചുരുങ്ങിയ തുകയാവട്ടെ ആയിരവും. അക്കൗണ്ട് തുറക്കുന്ന ദിവസം മുതല്‍ പെണ്‍കുട്ടിക്ക് 21 വയസ്സ് ആകുന്നതുവരെയാണ് ഇതിന്റെ കാലാവധി.
പ്രത്യേകതകള്‍
ഒരു കുട്ടിയുടെ പേരില്‍ ഒറ്റ അക്കൗണ്ട് മാത്രമേ തുറക്കാന്‍ സാധിക്കൂ. പരമാവധി രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാം.(രണ്ടാമത് ജനിക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കില്‍ ഈ സൗകര്യം മൂന്നാമത്തെ കൂട്ടിക്കും ലഭ്യമാണ്). അക്കൗണ്ട് ഉടമയ്ക്ക് പാസ് ബുക്കും ലഭിക്കുന്നതായിരിക്കും. അക്കൗണ്ട് തുടങ്ങി 14 വര്‍ഷത്തേക്കാണ് പണം നിക്ഷേപിക്കേണ്ടത്.
അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍
പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ, കുട്ടിക്കുവേണ്ടി ആരാണോ അക്കൗണ്ട് തുറക്കുന്നത് അവരുടെ തിരിച്ചറിയല്‍ രേഖ.
സുകന്യ സമൃദ്ധി പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ പണം നേരിട്ട് നല്കണമെന്നില്ല. ഡിമാന്റ് ഡ്രാഫ്റ്റോ, ചെക്കോ നല്കിയാലും മതി. ഡിഡിയായാലും ചെക്കായാലും പോസ്റ്റ് ഓഫീസ് മുഖേനയാണെങ്കില്‍ പോസ്റ്റ് മാസ്റ്ററുടെയും ബാങ്കിലൂടെയാണെങ്കില് മാനേജരുടേയും പേരിലായിരിക്കണം സമര്‍പ്പിക്കേണ്ടത്. ഇതിന്റെ പിന്‍ഭാഗത്ത് അക്കൗണ്ട് ഉടമയുടെ പേരും അക്കൗണ്ട് നമ്പരും എഴുതാന്‍ മറക്കരുത്.
നിശ്ചിത പലിശ നിരക്കല്ല സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരോ സാമ്പത്തിക വര്‍ഷവും ഇതില്‍ വ്യത്യാസം വരാം.
പെണ്‍കുട്ടി ഇന്ത്യയില്‍ എവിടേക്ക് താമസം മാറ്റിയാലും ആ സ്ഥലത്തേക്ക് അക്കൗണ്ടും മാറ്റാം.
കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ ഉന്നത വിദ്യാഭ്യാസത്തിനോ വിവാഹ ആവശ്യത്തിനോ വേണ്ടി നിക്ഷേപത്തിന്റെ ഒരു ഭാഗം (അമ്പത് ശതമാനം) പിന്‍വലിക്കാന്‍ സാധിക്കും. പെണ്‍കുട്ടിക്ക് 10 വയസ്സായാല്‍, അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നത് രക്ഷിതാക്കള്‍ ആണെങ്കില്‍ ക്കൂടി കുട്ടിക്ക് തന്റെ പേരിലുള്ള അക്കൗണ്ട് സ്വയം ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും.
അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി സുകന്യ സമൃദ്ധി അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയാണെങ്കില്‍, മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അക്കൗണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും.
ആദായ നികുതി നിയമം,1961 ലെ സെക്ഷന്‍ 80 സി പ്രകാരം ആദായ നികുതിയില്‍ നിന്നും ഈ പദ്ധതിയെ ഒഴിവാക്കിയിട്ടുണ്ട്.
ഈ വര്‍ഷം സുകന്യ സമൃദ്ധി യോജനയില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന് ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 9.1 ശതമാനം പലിശയാണ് ലഭിക്കുക. പ്രതിമാസം 1,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശയുള്‍പ്പെടെ 12,592 രൂപയാണ് ലഭിക്കുക. ഇത്തരത്തില്‍ 14 വര്‍ഷമാണ് അക്കൗണ്ട് ഉടമ നിക്ഷേപം നടത്തേണ്ടത്. നിലവിലെ പലിശ പ്രകാരം 14 വര്‍ഷം ആകുമ്പോഴുള്ള നിക്ഷേപത്തുക 329,995 രൂപയാണ്.
പദ്ധതി കാലാവധിയായ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയുടെ പേരിലുള്ള സമ്പാദ്യം 607,128 രൂപയായിരിക്കും. ഇത് ഇപ്പോഴത്തെ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് മാത്രമാണ്. ഓരോ വര്‍ഷവും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകുന്നതനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം.
ഇനിയിപ്പോള്‍ പെണ്‍കുട്ടിയുടെ ഭാവിയോര്‍ത്തുള്ള ആശങ്കയ്ക്ക് അല്പം വിരാമമിടാം, അല്ലെ? അവളുടെ പേരിലുള്ള ലഘുസമ്പാദ്യം ജീവിതം സുരക്ഷിതമാക്കുമെന്ന ഉറപ്പിന്മേല് സുകന്യ സമൃദ്ധി യോജനയില്‍ പങ്കുചേരുന്നതിന് ഇനിയും മടിച്ചുനില്‍ക്കേണ്ട കാര്യമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: