കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. രാവിലെ സരസ്വതീ ദേവിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകുന്നേരം ദുര്‍ഗയായുമാണ് ആരാധിക്കുന്നത്. ഉത്സവത്തിലെ മകംതൊഴലാണ് വിശേഷം. വില്വമംഗലത്ത് സ്വാമിയാര് ദേവിയെ സര്‍വാഭരണവിഭൂഷിതയായി ദര്‍ശിച്ച ചരിത്രം ലോകപ്രശസ്തമാണ്.
വനാന്തരത്തിലെ ക്ഷേത്രം ചൈതന്യവത്തായതിനു പിന്നില്‍ ചെമ്മങ്ങാട് നരസിംഹന് ഭട്ടതിരിയുടെ സേവയാലാണ്. വേദമുറ അഭിഷേകത്താല്‍ ക്ഷേത്രവും പ്രദേശവും ഐശ്വര്യത്താല് നിറഞ്ഞു. ഇന്നും ചോറ്റാനിക്കര ക്ഷേത്രം മഹാക്ഷേത്രത്തിന്റെ മാറ്റില്‍ തിളങ്ങിനില്പ്പാണ്.
കണ്ടാരപ്പിള്ളി ഗുപ്തന് നമ്പൂതിരി എന്ന പണ്ഡിതന്റെ ചരിത്രവും ദേവീക്ഷേത്രത്തിന്റെ അറിവില്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ദേവിയുടെ അനുഗ്രഹത്താല്‍ അദ്ദേഹം രക്ഷപ്പെട്ട കഥയിങ്ങനെയാണ്. ഒരു വെളുത്തവാവു ദിനത്തില്‍ തൃപ്പൂണിത്തുറയിലേക്ക് കഥകളികാണുവാന്‍ പുറപ്പെട്ടു. നിലാവുള്ളതിനാല്‍ ചൂട്ടോ, വിളക്കോ കരുതിയിരുന്നില്ല. പോകുന്നതിനിടയില്‍ കയ്യില്‍ ഒരു ഗ്രന്ഥവും എടുത്തു. മഹാമാന്ത്രികനായ കല്ലൂര്‍ നമ്പൂതിരി എന്ന, ഗുപ്തന്റെ ഗുരുവിന്റെതായിരുന്നു ആ ഗ്രന്ഥം. കല്ലൂര്‍ ഇല്ലത്തുചെന്ന് അതും നല്കല് ഈ യാത്രയില്‍ ഉദ്ദേശിച്ചിരുന്നു. സന്ധ്യയ്ക്കുശേഷം യാത്ര ആരംഭിച്ചു. അതിനിടെ വഴിയില്‍വച്ച് ഒരു സുന്ദരിയെ കാണാനിടവന്നു. അല്‍പ്പം ശൃംഗാരിയായ അവള് നമ്പൂതിരിയെ വിട്ടില്ല. അവര്‍ തമ്മില്‍ പരിചയപ്പെട്ടു. കല്യാണിവാരസ്യാരാണ് തന്റെ മുന്നില്‍ നില്ക്കുന്ന സുന്ദരി. അവളേയും തൃപ്പൂണിത്തുറയാത്രയില് കൂടെക്കൂട്ടി. ഇരുവരും പലതും പറയുന്ന കൂട്ടത്തില്‍ ഗ്രന്ഥം വാരസ്യാര്ക്കു കൈമാറാന്‍ ശ്രമിച്ചു. അവള് നീങ്ങിനീങ്ങിപ്പോയി. അത് വലിച്ചെറിയാന്‍ അവള് ആവശ്യപ്പെട്ടെങ്കിലും ഗുപ്തന് നമ്പൂതിരി അതിന് കൂട്ടാക്കിയില്ല. കല്ലൂര്ഗുരുവിന് കൊടുക്കാമെന്ന് പറഞ്ഞുവാങ്ങിയ ഈ മഹാഗ്രന്ഥം കളയാനുള്ളതല്ല. അത് മഹാപാപമാവും.
യാത്രയ്ക്കിടെ കല്ലൂര്‍ മനയുടെ ഭാഗത്തെത്തി. യക്ഷി കല്ലൂര്‍ മനയിലേക്ക് വാരസ്യാരെ ക്ഷണിച്ചെങ്കിലും അവള് വന്നില്ല. ഞാന്‍ കാത്തുനില്ക്കാം. അങ്ങ് പോയ്വരൂ… ഗ്രന്ഥം കൈമാറി തിരികെ പോരാന്‍ തിരക്കു പിടിച്ചപ്പോള്‍ കല്ലൂര്‍ നമ്പൂരി എന്താത്ര തിരക്ക് എന്നാരാഞ്ഞു. കഥകളി കാണാനുള്ള തിരക്കാണ്. കൂടെ വന്ന ഒരാള്‍ പടിക്കല്‍ കാത്തുനില്‍പ്പുണ്ട്. അതാരാണെന്ന് ചോദിച്ചപ്പോള്‍ ഗുപ്തന് ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു. കല്യാണി വാരസ്യാരാണ്. കല്ലൂര്‍ നോക്കിയപ്പോള്‍ ഗുപ്തന്റെ കൂട്ടുകാരി ഭീകരയക്ഷി തന്നെ. ഗുപ്തനോട് ഇന്ന് പോകേണ്ട എന്നു പറഞ്ഞു നോക്കി. തിരക്ക് ഭാവിച്ചപ്പോള്‍ തന്നെ തൊട്ട് വാരസ്യാരെ നോക്കാന്‍ പറഞ്ഞു. ഞെട്ടിത്തരിച്ച ഗുപ്തന് വിയര്‍ത്തുപോയി. ഒന്നേ രക്ഷയുള്ളൂ. നേരെ ചോറ്റാനിക്കരക്ക് പോയ്ക്കൊള്ളൂ. കുറച്ചുകല്ല് കയ്യിലും കൊടുത്തു. ഗ്രന്ഥം എനിക്കു കൈമാറിയതിനാല്‍ അതുകൊണ്ട് ഇനി പിടിച്ചു നില്ക്കാന് പറ്റില്ല. ഇത്രയും നേരം അവള് താങ്കളെ തൊടാതിരുന്നത് ഗ്രന്ഥത്തിന്റെ ശക്തിയിലാണ്.
യക്ഷി തൊടാന്‍ അടുത്ത് വന്നാല്‍ ഈ കല്ല് പിന്നിലേക്ക് എറിഞ്ഞ് ഓടിക്കൊള്ളൂ. കല്ല് തീര്‍ന്നാല്‍ പോകുംവഴി കോശാപ്പിള്ളി മനയിലെ മന്ത്രവാദിമാരെ അഭയം പ്രാപിച്ചാല്‍ മതി. അതുപോലെതന്നെ സംഭവിച്ചു. കോശാപ്പിള്ളിയിലേക്ക് ഓടിക്കയറി. അദ്ദേഹം ഒരു തോര്‍ത്തുമുണ്ട് രക്ഷയായി നല്കി. ഇത് കയ്യിലുള്ള സമയം അവള് തൊടില്ല. നേരെ ചോറ്റാനിക്കരയിലേക്ക് ചെന്നോളൂ. അമ്പലത്തിനകത്ത് കടക്കുംമുമ്പ് ഇതു പുറത്തേക്കെറിയണം. അതുപോലെ ഗുപ്തന് നമ്പൂതിരി ഒരു കാല് അമ്പലത്തിനകത്ത് വച്ച് തോര്‍ത്ത് എറിയവെ യക്ഷി കാലില്‍ കടന്നുപിടിച്ചു.
അട്ടഹാസവും ബഹളവും ഗുപ്തന്റെ പ്രാര്‍ത്ഥനയും കേട്ട് ദേവി സര്വായുധധരയായി ഇറങ്ങിവന്ന് യക്ഷിയെ വെട്ടിത്തുണ്ടം തുണ്ടമാക്കി കൊന്നു. ചോരയിലാറാടിയ ദേവി തെക്കേ കുളത്തില്‍ചെന്ന് നീരാടി. സ്നാനാനന്തരം ദേവി ശ്രീകോവിലിലേക്ക് പ്രവേശിച്ചു. അന്നു മുതലാണ് രണ്ട് അഭിഷേകം തുടങ്ങിയതെന്നാണ് സങ്കല്പം. ഇതുപോലെ ദേവിയുടെ ശക്തി തെളിയിക്കുന്ന നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. സരസ്വതിയായും, കാളിയായും, ദുര്‍ഗ്ഗയായും അറിയപ്പെടുന്ന ചോറ്റാനിക്കര അമ്മയുടെ ദര്‍ശനത്തിന് മകം നാളിലാണ് ഭക്തര്‍ തിരഞ്ഞെടുക്കാറ്. സര്‍വാഭരണ വിഭൂഷിതയായ ദേവി മനസ്സിനു സാന്ത്വനമേകുന്ന അഭയ വരദയാണ്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: