മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററിനുള്ളില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. മാര്‍ച്ച് മൂന്നിന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ മൂന്നാംനിലയിലുള്ള ഓപ്പറേഷന് തീയേറ്ററിന്റെ ഇടനാഴിയില്‍ ഉള്ള കണ്ട്രോള് ബോര്‍ഡിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ഓപ്പറേഷന് തീേയറ്ററിനുള്ളില് സമീപമുറികളിലും പുക നിറഞ്ഞു. നഴ്സുമാര്‍ക്ക് ഉള്‍പ്പെടെ ശ്വാസം മുട്ടലുണ്ടായി.
ഇതേസമയം ഇടപ്പോണ്‍ സ്വദേശി ഓമനയുടെ കാലിന്റെ ശസ്ത്രക്രിയ നടക്കുകയായിരുന്നു. ഇത് പൂര്‍ത്തീകരിക്കുകയും, ശസ്ത്രക്രിയയ്ക്ക് നിശ്ചയിച്ചിരുന്ന മറ്റ് രോഗികളെയും ജീവനക്കാരെയും പുറത്ത് എത്തിക്കുകയും ചെയ്തു. പുക ഉയര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ താഴെ പ്രധാന കണ്ട്രോള് റൂമിലെ സ്വിച്ച് ഓഫാക്കുകയും ആശുപത്രി വളപ്പിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന തീ പടരാതെ നിയന്ത്രിച്ചു.
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പത്തു ദിവസത്തേക്ക് ഓപ്പറേഷന് തീയേറ്റര്‍ അടച്ചിട്ടതായും ഈ കാലയളവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ലേബര്‍ റൂമിനോട് ചേര്‍ന്നുള്ള ചെറിയ തീയേറ്ററില്‍ നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ജെമുനാ വര്‍ഗീസ് അറിയിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പുതിയ കെട്ടിടത്തില്‍ ഓപ്പറേഷന് തീയേറ്റര്‍ ആരംഭിച്ചത്. വൈദ്യുത ഉപകരണങ്ങളുടെ ഗുണനിലവാരം കുറഞ്ഞതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തെ കുറിച്ച് പരിശോധിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: