ആലപ്പുഴ: മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല മോണിട്ടറിങ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് വ്യക്തമാക്കി. ഈ വര്‍ഷം ആകെ 26,887 വിദ്യാര്‍ത്ഥികളാണ് എത്തുക -മുന്‍വര്‍ഷത്തേക്കാള്‍ 832 പേര് കൂടുതല്‍. 26,713 റെഗുലര്‍ വിദ്യാര്‍ത്ഥികളും 174 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. കഴിഞ്ഞവര്‍ഷം റെഗുലര്‍ വിഭാഗത്തില്‍ 25,944 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇത്തവണ 769 പേരുടെ വര്‍ധനയുണ്ട്. റെഗുലര്‍ വിദ്യാര്‍ഥികളില്‍ 3,271 പേര് പട്ടികജാതി വിഭാഗക്കാരും 103 പേര് പട്ടികവര്‍ഗക്കാരുമാണ്. പ്രൈവറ്റായി 29 പട്ടികജാതി വിദ്യാര്‍ത്ഥികളും മൂന്നു പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കെത്തും. ഈ വര്‍ഷം 13,122 വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളും 13,591 പേര് ആണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 12,535 ഉം 13,360 ഉം ആയിരുന്നു. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 7,762 ഉം ചേര്‍ത്തലയില്‍ 8,066 ഉം കുട്ടനാട്ടില്‍ 2,457 ഉം മാവേലിക്കരയില്‍ 8,428ഉം വിദ്യാര്‍ഥികളാണ് ഇത്തവണ എത്തുക. പ്രൈവറ്റ് വിഭാഗത്തില്‍ ഇത് യഥാക്രമം 42ഉം 90ഉം രണ്ടും 40ഉം ആണ്.
ചോദ്യപ്പേപ്പറുകള്‍ ചേര്‍ത്തല, കുട്ടനാട്, ആലപ്പുഴ, മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അവ സ്കൂള്‍ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേകം പാക്കറ്റുകളിലാക്കി ബാങ്കുകളിലും ട്രഷറികളിലുമാണ് സൂക്ഷിക്കുക. ക്ലസ്റ്റര്‍ തിരിച്ചാണ് സൂക്ഷിപ്പ്. വേര്‍തിരിക്കല്‍ അതത് ഡിഇഒമാരുടെ നേതൃത്വത്തിലാണു നടക്കുന്നത്. സോര്‍ട്ടിങ് കേന്ദ്രങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു വിദ്യാഭ്യാസ ജില്ലകളിലായി 198 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഡ്യൂട്ടിക്ക് 1,509 ഇന്‍വിജിലേറ്റര്‍മാരെ കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുന്നു. ഓരോ ദിവസത്തെയും ചോദ്യേപ്പപ്പറുകള്‍ അതതു ദിവസം രാവിലെ സ്കൂളുകളില്‍ എത്തിക്കും.
ജില്ലയില്‍ ആലപ്പുഴ ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, ചേര്‍ത്തല എസ്എന്‍എം ബോയ്സ് എച്ച്എസ്എസ്, രാമങ്കരി ഗവണ്മെന്റ് എല്‍പിഎസ്, മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളാണ് ചോദ്യപ്പേപ്പര്‍ സൂക്ഷിപ്പുകേന്ദ്രങ്ങള്‍. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ്, ലീഡ് ബാങ്ക് മാനേജര്‍ ജി. രവികുമാര്‍, ട്രഷറി-പോലീസ്-വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: