ആലുവ: കരുമാലൂര്‍ നിവാസികള്‍ക്ക് ഇന്നലെ ഉറക്കമില്ലാത്ത രാവായിരുന്നു. ഇടിമിന്നലോ വെടിക്കെട്ടോ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആകാശത്ത് പ്രഭ ചൊരിഞ്ഞ തീഗോളം ഗ്രാമത്തില്‍ പതിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ആകാശത്തുനിന്നും ഉല്ക്കവീണെന്നുകേട്ട് കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്തേക്ക് ജനം ഒഴുകിയെത്തി.
ആകാശത്ത് തീഗോളവും തുടര്‍ന്ന് വന്‍ശബ്ദത്തോടെ കുലുക്കവും വന്നതോടെ നാട്ടുകാര്‍ പകച്ചു. ഇതിനിടയില്‍ പുല്മേടില് തീപിടിച്ച വിവരം കാട്ടുതീ പോലെ പടര്‍ന്നു.തീപിടിച്ചുനശിച്ച പുല്‍മേട് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളുവെങ്കിലും വന്നവര്‍ക്കെല്ലാം ഇത് വലിയ ആകാംക്ഷയും കൗതുകവുമായി. തീപിടിച്ച പ്രദേശത്തേക്ക് ദ്രുതകര്‍മ്മ സേനയും അധികൃതരും ആരേയും കടത്തിവിടാതിരുന്നതുതന്നെ നാട്ടുകാരുടെ ആശങ്കയ്ക്ക് ആക്കംകൂട്ടി.
ആകാശത്തുനിന്നും എന്തെങ്കിലും വസ്തുക്കള്‍ വീണാണ് തീപ്പിടിത്തമുണ്ടായതെങ്കില് റേഡിയേഷനുണ്ടാകുമെന്ന കാരണത്താലാണ് അധികൃതര്‍ ജനത്തെ പ്രദേശത്തേക്ക് അടുപ്പിക്കാതിരുന്നത്. ഈ റേഡിയേഷന് മാരക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യം കൂടി അറിഞ്ഞതോടെ നാട്ടുകാരില്‍ ആശങ്ക വര്‍ധിച്ചു. ഉല്‍ക്ക പതിച്ച സ്ഥലത്തിനടുത്തുനിന്ന പലരും പിന്നീട്ട് വലിഞ്ഞു. ആലങ്ങാട് പോലീസും വില്ലേജോഫീസറും സ്ഥലത്തെത്തി കയര്‍കെട്ടിയാണ് ജനത്തെ തടഞ്ഞത്.
മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും റവന്യു അധികാരികളുമെത്തി ആശങ്കപ്പെടാനില്ലെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. തീപിടിച്ച പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമേ ഉല്‍ക്കയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
സ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ഉല്‍ക്കപോലുള്ള വസ്തുക്കളുടെ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവിടെ തീപ്പിടിത്തമുണ്ടായതെന്ന് സംഘം സ്ഥിരീകരിച്ചു. അത് മനുഷ്യനിര്‍മ്മിതമായ വസ്തുക്കളാണോ ഉല്‍ക്കയാണോ എന്നത് കൂടുതല്‍ പരിശോധനനടത്തി കണ്ടെത്തും. അന്തരീക്ഷത്തില്‍ കണ്ട്യു തീഗോളം പ്രദേശത്തുകൂടി സഞ്ചരിച്ചതിന് തൊട്ടടുത്ത സമയത്താണ് ഇവിടെ തീപടര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.
വിവിധ ഭാഗങ്ങളില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടെങ്കിലും തീപ്പിടിത്തമുണ്ടായത് ഇവിടെ മാത്രമാണ്. അതുകൊണ്ടാണ് വിദഗ്ധസംഘമെത്തി പരിശോധന നടത്തിയത്. ഉല്‍ക്കയാണെങ്കില്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രത്യേക തരത്തിലുള്ള സുഷിരങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരത്തിലുള്ള സുഷിരങ്ങള്‍ ഉണ്ടോയെന്നതാണ് സംഘം ആദ്യം പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ടാണ് ഒന്നും ഇവിടെ പതിച്ചിട്ടില്ലയെന്ന് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. എങ്കിലും പരിശോധനക്കായി ഇവിടെനിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ.കെ.ആര്.പ്രവീണ്‍, ജിയോളജിസ്റ്റുമാരായ ഉദയ്നാരായണന്‍, ദീപാഞ്ചന് ഘോഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവന്‍ ഡോ.ശേഖര്‍.എല്‍.കുര്യാക്കോസ്, റിസര്‍ച്ച് ഓഫീസര്‍ ജി.എസ്.പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂര്‍ തഹസില്‍ദാര്‍ പി.പത്മകുമാര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: