പി.ജി. ബിജുകുമാര്‍
കോട്ടയം: ഇങ്ങനെ പോയാല്‍ അപ്പര്‍കുട്ടനാട് അപ്രത്യക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അറിയേണ്ടവര്‍ അറിയണമെന്നാണ് അവര്‍ പറയുന്നത്. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ വിവിധ ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന പതിനായിരക്കണക്കിന് ഏക്കര്‍വരുന്ന പാടശേഖരത്തില്‍ ഭൂമാഫിയാസംഘം ആസൂത്രിതമായി പിടിമുറുക്കുകയാണ്.
രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ നെല്‍വയലുകള്‍ കൈവശപ്പെടുത്തുന്നത്. തന്ത്രത്തിന്റെ ആദ്യഭാഗം കര്‍ഷകരെ കൃഷിജോലിയില്‍ നിന്നും അകറ്റുക എന്നതാണ്. വിത്തു വിതയ്ക്കാന്‍ നിലമൊരുക്കുമ്പോള്‍ മുതല്‍ നെല്ല് വില ലഭിക്കുന്നതുവരെ കൃഷിക്കാര്‍ അധികൃതരുടെ ക്രൂരമായ പീഡനമാണ് അഭിമുഖീകരിക്കുന്നത്. നിലമൊരുക്കുന്നതിനും നെല്ലു കൊയ്തെടുക്കുന്നതിനും യന്ത്രസാമഗ്രികള്‍ യഥാസമയം ലഭ്യമാക്കാതിരിക്കുക, സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുന്ന നെല്ലിന്റെ വില നല്കുന്നതില് അനിയന്ത്രിതമായ കാലതാമസം വരുത്തുക, ജലസേചന സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക തുടങ്ങിയ രീതിയിലെല്ലാം കര്‍ഷകരെ ദ്രോഹിക്കും. ഈ സാഹചര്യത്തില്‍ കൃഷിയും കൃഷിഭൂമിയും ഉപേക്ഷിക്കാന്‍ കര്ഷകന് നിര്‍ബന്ധിതമാകും. ഈ സമയം മാഫിയസംഘം ഏജന്റുമാര്‍ വഴി കൃഷിക്കാരനെ സമീപിച്ച് വലിയ വിലപേശലുകള്‍ ഇല്ലാതെ വയലുകള്‍ സ്വന്തമാക്കും. ആദ്യവര്‍ഷം അവര്‍ കൃഷി ഇറക്കുകയും ചെയ്യും.
രണ്ടാമത്തെ ഘട്ടം നെല്ല് വിതക്കുന്ന പാടശേഖരങ്ങളിലെ വരമ്പുകള്‍ വലുതാക്കി അതില്‍ കൂനകൂട്ടി തെങ്ങിന്‍തൈകള്‍ വയ്ക്കും. ഒന്നുരണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ തെങ്ങിന്കൂനകള്ക്കിടയില് പൂഴിയടിച്ച് നികത്തി അതില്‍ വാഴ വയ്ക്കും. അപ്പോഴേക്കും ആദ്യം വച്ച തെങ്ങിന്‍തൈകള്‍ ആവശ്യമായ പരിചരണം ലഭിക്കാതെ ഉണങ്ങിത്തുടങ്ങും. അതിനുശേഷമാണ് പൂര്‍ണമായ രീതിയില്‍ മണ്ണടിച്ച് നികത്തി അതില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള നിയമം അനുസരിച്ച് വീടുവയ്ക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പത്തുസെന്റ് സ്ഥലവും മുനിസിപ്പല്‍ പരിധിയില്‍ അഞ്ചുസെന്റ് സ്ഥലവും നികത്താന്‍ മാത്രമേ അനുമതിയുള്ളൂ. അതുതന്നെ പഞ്ചായത്ത്തലത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍, വില്ലേജാഫീസര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരടങ്ങുന്ന നീര്‍ത്തട സംരക്ഷണ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് കളക്ടര്‍, ആര്‍ഡിഒ, ജില്ലാ കൃഷി ഓഫീസര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സമിതിയാണ് അനുമതി നല്‍കുന്നത്. നെല്‍കൃഷി ചെയ്യുന്ന ഭൂമിയില്‍ മണ്ണ് കൂനകൂട്ടി പച്ചക്കറി കൃഷി ചെയ്യുന്നതിനുപോലൂം നിയമം അനുവദിക്കുന്നില്ല. നിയമങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോഴാണ് കൂനകൂട്ടി തെങ്ങ് നടീലും അതിന്റെ ഇടയില്‍ വാഴക്കൃഷിയുമെല്ലാം ചെയ്യുന്നത്.
ഇത് ഭൂമാഫിയാ- രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് നടത്തുന്ന നഗ്നമായ നിയമലംഘനവും അഴിമതിയും മൂലമാണ്. ലോകം തന്നെ അത്ഭുതത്തോടെ നോക്കിക്കണ്ട് കടലിലെ ജലനിരപ്പില്‍ നിന്നും താഴെ സ്ഥിതിചെയ്യുന്ന ഭൂമിയില്‍ കഠിനപ്രയത്നത്തിലൂടെ കനകം വിളയിച്ച് കേരളത്തിന്റെ വിശപ്പടക്കിയിരുന്ന കര്‍ഷക സമൂഹത്തിന്റെ സംഭാവനയായ കുട്ടനാടും, അപ്പര്‍കുട്ടനാടും സംരക്ഷിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് ഈ പ്രദേശത്ത് അവശേഷിക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: