കോട്ടയം: വെറുക്കപ്പെട്ടവരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍റെഡ്ഡി പറഞ്ഞു. 22-ാം പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായി കോട്ടയത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയുടെയും കുംഭകോണങ്ങളുടെയും സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. ജനങ്ങളുമായുള്ള ബന്ധം സിപിഐ പുനഃസ്ഥാപിക്കും. മതവിശ്വാസങ്ങളെ കമ്യൂണിസ്റ്റുകാര്‍ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചകളും റിപ്പോര്‍ട്ടിങും ഇന്ന് നടക്കും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടുകൂടി ഒരു പാര്‍ലമെന്റംഗം മാത്രമുള്ള പാര്‍ട്ടിയായി സിപിഐ മാറിയിരുന്നു. ദേശീയ പാര്‍ട്ടി എന്ന അംഗീകാരവും നഷ്ടപ്പെട്ടു. സിപിഎം നേതൃത്വത്തിന്റെ വലിയേട്ടന് മനോഭാവത്തിന് കീഴടങ്ങിയ ദേശീയ -സംസ്ഥാന കഴിവുകേടിന്റെ ഫലമാണിതെന്ന് കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനെ മറികടക്കുന്നതിനുള്ള തന്ത്രമാണ് ദേശീയ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ ബിജെപിയെയും സംഘപരിവാറിനെയും കടന്നക്രമിച്ചതും പന്ന്യന്‍ രവീന്ദ്രന് അവതരിപ്പിച്ച സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യവച്ചുള്ള രൂക്ഷവിമര്‍ശനവും ഉള്‍പ്പെടുത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. റിപ്പോര്‍ട്ടിലെ സ്വയം വിമര്‍ശനം തിരുവനന്തപുരം സീറ്റുവിവാദത്തില് ഒതുക്കിനിര്‍ത്താന്‍ സെക്രട്ടറി പ്രത്യേകം ശ്രദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: