കോട്ടയം: മോദിസര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ കോട്ടയത്തിന്റെ റെയില്‍വേ വികസനത്തിനായി 73 കോടി. ചിങ്ങവനം-ചെങ്ങന്നൂര്‍ പാതയിരട്ടിപ്പിക്കലിന് 58 കോടിയും, കുറുപ്പന്തറ-കോട്ടയം പാതയിരട്ടിപ്പിക്കലിന് 10 കോടിയും, അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് 5 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. കയ്യടി ലക്ഷ്യം വച്ചുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്കല്ല യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയത്. ചിങ്ങവനം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 26 കിലോമീറ്റര്‍ ഇരട്ടിപ്പിക്കലിനായി 58 കോടിയും കുറുപ്പന്തറ മുതല്‍ കോട്ടയംവരെയുള്ള 18.5 കിലോമീറ്ററിനായി 10 കോടി രൂപയും ബജറ്റ് നിര്‍ദ്ദേശത്തിലുണ്ട്. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ ഒ. രാജഗോപാല്‍ റയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ച അങ്കമാലി-ശബരി പാതയ്ക്ക് വീണ്ടും ജീവന് വച്ചുവെന്നതാണ് ഈ ബജറ്റില്‍ കേരളത്തിന്റെ ഏറ്റവും പ്രധാന നേട്ടം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ശബരിപദ്ധതി ഉപേക്ഷിച്ച മട്ടില്‍ ആയിരുന്നു. ചിദംബരം അവതരിപ്പിച്ച അവസാന ബജറ്റുകളില്‍ ശബരിപാതയെ സംബന്ധിച്ച പരാമര്‍ശം തന്നെയില്ലായിരുന്നു. ഈ വിഷയത്തില്‍ ഇടപെടുവാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ജോസ് കെ. മാണി എം.പി മൗനം പാലിക്കുകയായിരുന്നു. ഇത്തവണ ബജറ്റില്‍ അങ്കമാലി-ശബരിപാതയ്ക്കായി 5 കോടി രൂപനീക്കി വച്ചിട്ടുണ്ട്.
കുറുപ്പന്തറ-കോട്ടയം പാത ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് യാത്രക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കല്‍ നടപടിപോലും ആകാത്ത സാഹചര്യത്തില്‍ പത്തുകോടി എന്നത് പര്യാപ്തമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു പരിഹരിക്കണമെങ്കില്‍ സ്ഥലമേറ്റെടുത്തുകൊടുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ തുക നീക്കി വയ്ക്കണം. ചങ്ങനാശ്ശേരി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സ്ഥലത്തെ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ ഇപ്പോള്‍ തന്നെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പിറവം റോഡ് മുതല്‍ കുറുപ്പന്തറവരെയുള്ള ഭാഗത്തും എര്ത്ത്വര്ക്കുകള് ദ്രുതഗതിയിലാണ് നടക്കുന്നത്. ഇതിനുള്ള തുക നേരത്തെ തന്നെ പൂര്‍ണ്ണമായും അനുവദിച്ചിട്ടുള്ളതാണ്.
കോട്ടയം വഴിയുള്ള റയില്യാത്രക്കാര് നേരിടുന്ന പ്രധാന പ്രശ്നം സമയനിഷ്ഠപാലിക്കുന്നില്ല എന്നതാണ്. മന്ത്രി സുരേഷ്പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ റയില്‍വേ ലൈനിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സിഗ്നല്‍ നവീകരിക്കുന്നതിനുമാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഇതിനായി 96,182 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റയില്‍ കപ്പാസിറ്റി വര്‍ദ്ധിക്കുകയും സിഗ്നല്‍ തകരാറുകള്‍ യഥാസമയം പരിഹരിക്കുവാനും കഴിഞ്ഞാല്‍ ട്രയിനുകള്‍ സമയത്ത് ഓടിക്കാന്‍ കഴിയും.
സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കും ശുചീകരണത്തിനും ഊന്നല്‍ നല്കുന്ന ബജറ്റില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സ്ഥിരംയാത്രക്കാരായ സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: