കുന്നത്തൂര്‍: നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന ശാസ്താംകോട്ടയിലെ മിനി സിവില്‍ സ്റ്റേഷന് മുമ്പിലെ അനധികൃത വാഹനപാര്‍ക്കിങ് പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
താലൂക്ക് ഓഫീസ്, സ്പെഷ്യല്‍ ഓഫീസ്, ഇലക്ഷന് ഓഫീസ്, കെഐഡി ഓഫീസ്, റവന്യുവകുപ്പ് എന്നിവയുള്‍പ്പെടെ പത്തോളം സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മിനിസിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം അവരുടെ സ്വകാര്യവാഹനങ്ങള്‍ പ്രധാന കെട്ടിടത്തിന് മുമ്പിലായാണ് അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് ആള്ക്കാര് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്താറുണ്ട്. അവരുടെ സുഗമമായ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് കൊണ്ടാണ് വാഹനപാര്‍ക്കിങ്. പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ നിരനിരയായി പ്രധാന വാതിലിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിനുള്ളില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണുള്ളത്.
ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി മിനിസിവില്‍ സ്റ്റേഷന് പരിസരത്ത് ധാരാളം സ്ഥലം ഉണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി. നിരവധി തവണ ഇതേപ്പറ്റി പരാതി ഉയര്‍ന്നെങ്കിലും വാഹനങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ ജീവനക്കാരോ നിര്‍ദ്ദേശം നല്കാന് ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിട്ടില്ല. ജീവനക്കാരുടെ സൗകര്യത്തിനായാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ കൂട്ടമായി മാര്‍ഗതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഓഫീസുകള്‍ സന്ദര്‍ശിക്കുന്ന ജനപ്രതിനിധികളും ഇതേ സമീപനമാണ് കൈകൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: