ആലപ്പുഴ: കഞ്ചാവ്-മയക്കുമരുന്ന് സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പ്രതികാരമായി ഗുണ്ടാസംഘം കൈതവനയില്‍ മൂന്ന് വീടുകള്‍ അടിച്ചു തകര്‍ത്തു. അഞ്ചുപേര്‍ക്ക് പരിക്ക്. രണ്ടുപേര്‍ പോലീസ് പിടിയില്‍. കൈതവന കുന്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം തൈപ്പറമ്പില്‍ അനില്‍കുമാര്‍, ബിഎസ്എന്‍എല്‍ അമ്പലപ്പുഴ ഓഫീസിലെ ടെലിഫോണ്‍ മെക്കാനിക്കായ വെളിയില്‍ ശശാങ്കന്, പുത്തന്‍പറമ്പില്‍ മുരളി എന്നിവരുടെ വീടുകളാണ് അടിച്ചു തകര്‍ത്തത്.
ശശാങ്കനും ഭാര്യ പുഷ്പയ്ക്കും മര്‍ദ്ദനമേറ്റു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ശശാങ്കന്റെ തലയ്ക്ക് സാരമായി പരിക്കുണ്ട്. വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന സംഘം അനില്‍കുമാറിന്റെ സഹോദരന് അജിത്തിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. മുരളിയുടെ വീടും ഗൃഹോപകരണങ്ങളും തകര്‍ത്ത സംഘം മുരളിയെയും ഭാര്യ സബിതയെയും ആക്രമിച്ചു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശശാങ്കന്റെ തലയ്ക്ക് മൂന്ന് തുന്നലും അജിത്തിന്റെ തലയ്ക്ക് നാല് തുന്നലുമുണ്ട്.
പ്രദേശവാസികളായ ചില യുവാക്കള്‍ അടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് ഒരുസംഘം യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വില്‍പ്പന സജീവമാണ്. പ്രദേശത്തെ സൈ്വര്യജീവിതം തകര്‍ന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ച് സൗത്ത് പോലീസില്‍ മാസ് പെറ്റീഷന് നല്‍കിയിരുന്നു. ഇതില്‍ രോഷാകുലരായ സംഘമാണ് അക്രമം നടത്തിയത്. പ്രദേശവാസികളായ മനു ശങ്കര്‍, വിനു ശങ്കര്‍ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. മനു സതീഷ്, വിവേക്, വിഷ്ണു, അഭിലാഷ് എന്നിവര്‍ പിടിയിലികാനുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: