മൂവാറ്റുപുഴ: ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നടപ്പാക്കുന്ന സീതാലയം പദ്ധതി വിജയത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്. കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ലഹരി ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതി നിരവധി പേര്‍ക്ക് ആശ്വാസമാകുകയാണ് സീതാലയം.
2011-12 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ആശുപത്രികളിലും കോട്ടയം കുറിച്ചി ആശുപത്രിയിലുമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി ഇന്ന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മൂവാറ്റുപുഴ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പദ്ധതിയിലൂടെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന നിരവധി മാനസിക ശാരീരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതായി സീതാലയം പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എന്‍. മഞ്ജുള പറഞ്ഞു.
സ്ത്രീകളുടെ ശാരീരിക, മാനസിക വൈകാരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനും സമൂഹത്തില്‍ നിന്നു നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനുമായി ഹോമിയോപ്പതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് സീതാലയം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളോടനുബന്ധിച്ചാണ് സീതാലയം സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര നിയമ വകുപ്പുകള്‍, വനിതാ കമ്മീഷന് എന്നിവയുടെ സഹകരണത്തോടെയാണ് സീതാലയത്തിന്റെ പ്രവര്‍ത്തനം. പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിപ്പെട്ടുവരുന്ന സ്ത്രീകള്‍ക്ക് സാന്ത്വനത്തിലൂടെ കൈത്താങ്ങാകുകയാണ് സീതാലയം.
മെഡിക്കല്‍ ഓഫീസറും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, ഡോക്ടര്‍മാരും അടക്കം സ്ത്രീകളാണ് സീതാലയത്തിലെ ജീവനക്കാരെല്ലാം. നേരിട്ടും വിവിധ ഏജന്‍സികള്‍ വഴിയും സീതാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകളെ വനിതാ ഡോക്ടര്‍മാര്‍ സ്നേഹപൂര്‍വ്വം സമീപിച്ച് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി വിലയിരുത്തുന്നു. ശാരീരികവും മാനസികവുമായ രോഗാവസ്ഥ, മാനസിക സംഘര്‍ഷവും അതിനുള്ള കാരണങ്ങളും, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും പെരുമാറ്റം, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ജോലി സ്ഥലത്തും മറ്റും സഹവസിക്കുന്നവരുടെ പെരുമാറ്റം, ഇവരോട് തിരിച്ചുള്ള പെരുമാറ്റം എന്നിവ വിശദമായി ചോദിച്ചറിഞ്ഞ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ ബന്ധപ്പെട്ട ഡോക്ടര്‍മാരുടേയും കൗണ്‍സിലര്‍മാരുടേയും സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ജീവനക്കാരെല്ലാം വനിതകളായതിനാല്‍ പ്രയാസങ്ങളും വിഷമങ്ങളും പൂര്‍ണ്ണമായും തുറന്ന് പറയുന്നതിനും അവയ്ക്ക് പരിഹാരം കാണാനും സാധിക്കുന്നു.
വ്യക്തികളുടെ ശാരീരികവും മാനസികവുമായ രോഗാവസ്ഥ തിരിച്ചറിഞ്ഞതിന് ശേഷം ഒ.പി ചികിത്സ വേണ്ടവര്‍ക്ക് മരുന്ന് നല്‍കിയും കടുത്ത ശാരീരിക രോഗമോ മാനസീക വിഭ്രാന്തിയോ ഉള്ളവരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നതോടൊപ്പം സീതാലയത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് രോഗിയോ, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടയാളോ ആണെങ്കില്‍ അതിനുള്ള ചികിത്സയും ലഭിക്കുന്നു. കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ക്ക് വന്ധ്യതാ ചികിത്സ. കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് എന്നിവയും നല്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താനും മെച്ചപ്പെടുത്താനും ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റേയും ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസറുടേയും നേതൃത്വത്തില്‍ സീതാലയം പ്രവര്‍ത്തക സമതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: