ചാരുംമൂട്: സ്വകാര്യ ആശുപത്രിയില്‍ കാലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു. ചുനക്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ചാരുംമൂട് പുതുപ്പള്ളികുന്നം പുത്തന്‍ കളീയ്ക്കല്‍ രാധാകൃഷ്ണന്റെ മകള്‍ ആദിത്യ കൃഷ്ണ (14)യാണ് മരിച്ചത്.
ഫെബ്രുവരി 21നാണ് ഇടതുകാലില്‍ പരിക്കേറ്റ് ആദിത്യയെ കറ്റാനം വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. 23ന് കാലില്‍ ഒടിവുള്ള ഭാഗത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആദിത്യ 24ന് പുലര്‍ച്ചെ മരിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും തടിച്ചു കൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്ത് എത്തിയ വള്ളികുന്നം പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ശസ്ത്രക്രീയ നടത്തിയ ഡോക്ടറുടെ പേരില്‍ കേസെടുക്കുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുള്ളതായുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇടതുകാലില്‍ ശസ്ത്രക്രീയ നടത്തിയതിനു ശേഷം വാര്‍ഡില്‍ കൊണ്ടുവന്ന ആദിത്യ ആദ്യം മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപത്തുള്ള രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.
ആദിത്യയുടെ മരണകാരണത്തെ കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ബിജെപി ജില്ലാ കമ്മറ്റിയംഗം മധു ചുനക്കരയും മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നവും ആവശ്യപ്പെട്ടു. ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമായിരുന്നെന്നും ആശുപത്രിയിലെ പിഴവ് കാരണമല്ല ആദിത്യ മരിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: