മെല്‍ബണ്‍: പരിക്കേറ്റ ശ്രീലങ്കന്‍ താരം ജീവന് മെന്‍ഡിസിന് പകരം ഉപുല്‍ തരംഗയെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ശ്രീലങ്ക നല്കിയ അപേക്ഷ ലോകകപ്പ് ടെക്നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് മെന്‍ഡിസിന് പരിക്കേറ്റത്.
ഓള്‍റൗണ്ടറായ മെന്‍ഡിസിന്റെ പരിക്ക് 10 ദിവസം കൊണ്ട് ഭേദമാകുമെന്നായിരുന്നു ടീമിന്റെ ആദ്യ കണക്കുകൂട്ടല്‍. എന്നാല്‍ സ്കാനിംഗില്‍ പരിക്ക് പെട്ടന്ന് ഭേദമാകില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പകരം കളിക്കാരനെ ഉള്‍പ്പെടുത്താന്‍ ലങ്കന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. മൂന്നാഴ്ചത്തെ വിശ്രമമാണ് മെന്‍ഡിസിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശ്രീലങ്കക്ക് വേണ്ടി 2007, 2011 ലോകകപ്പുകളില്‍ കളിച്ച താരമായ ഉപുല്‍തരംഗ 176 ഏകദിനങ്ങളില്‍ നിന്നായി 13 സെഞ്ചുറികളും 28 അര്‍ദ്ധസെഞ്ചുറികളും സഹിതം 5339 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് കട്ടക്കില്‍ ഇന്ത്യക്കെതിരെയാണ് ഉപുല്‍ തരംഗ അവസാനമായി കളിച്ചത്. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഉപുല്‍ തരംഗ കളിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: