ബ്രിസ്ബെയ്ന്‍: ബെയ്ല് തെറിച്ചിട്ടും ബാറ്റ്സ്മാന് ഔട്ടായില്ല. ഇന്നലെ അയര്‍ലന്റ്-യുഎഇ മത്സരത്തിലാണ് സംഭവം. അയര്‍ലന്റ് താരം എഡ് ജോയ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് അവിസ്മരണീയമായ സംഭവം ഉണ്ടായത്. പതിനൊന്നാം ഓവറിലെ നാലാം പന്തില്‍ അംജദ് ജാവേദ് എറിഞ്ഞ യോര്‍ക്കര്‍ ജോയ്സിന്റെ ഓഫ് സ്റ്റമ്പില്‍ തട്ടുകയും ബെയ്ല് തെറിക്കുകയും ചെയ്തു. തുടര്‍ന്ന് പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍ഇഡി ലൈറ്റ് മിന്നുകയും ചെയ്തു.
എന്നാല്‍ സാങ്കേതിക വിദഗ്ദ്ധരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മുകളിലേക്ക് തെറിച്ച ബെയ്ല് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ സ്റ്റമ്പിന് മുകളില്‍ തന്നെ വന്നു വീണു. ജോയ്സിന് ജീവന് തിരിച്ചുകിട്ടുകയും ചെയ്തു. വിക്കറ്റ് വീണതായി കണക്കാക്കണമെങ്കില്‍ ബെയ്ല് സ്റ്റമ്പില്‍ നിന്നും തെറിച്ച് താഴെ വീഴണം എന്നു നിയമമുള്ളതിനാലാണ് ബെയ്ല് തെറിച്ചിട്ടും എഡ് ജോയ്സ് നോട്ട് ഔട്ട് ആയത്. ഈ സമയത്ത് എഡ് ജോയ്സിന്റെ സ്കോര്‍ 16 റണ്‍സായിരുന്നു. അടുത്ത പന്ത് ബൗണ്ടറികടത്തിയാണ് ജോയ്സ് ഈ ഭാഗ്യം ആഘോഷിച്ചത്. പന്തു തട്ടി ബെയ്ല് വീഴുന്നത് തിരിച്ചറിയാന്‍ ഒരുക്കിയ എല്‍ഇഡി സ്റ്റമ്പുകളാണ് ലോകകപ്പിന് ഒരു അവിസ്മരണീയ നിമിഷം സമ്മാനിച്ചത്.
ഒടുവില്‍ 49 പന്തില്‍ നിന്നും 37 റണ്‍സെടുത്ത എഡ് ജോയ്സിനെ അംജദ് ജാവേദ് തന്നെ പുറത്താക്കി. ഇത്തവണ ഭാഗ്യത്തിന്റെ അകമ്പടി വേണ്ടിവന്നില്ല. യുഎഇ വിക്കറ്റ് കീപ്പറും ഇന്ത്യക്കാരനുമായ സ്വപ്നില്‍ പാട്ടീല്‍ പിടികൂടുകയായിരുന്നു ജോയ്സിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: