കുന്നംകുളം: ഉത്സവത്തിന് വെള്ളമുണ്ടും വെള്ളഷര്‍ട്ടും ധരിച്ചുവന്ന യുവാക്കള്‍ക്ക് നേരെ പോലീസിന്റെ ക്രൂരമര്‍ദ്ദനം. അക്കിക്കാവ് പൂരത്തോടനുബന്ധിച്ച് കരിങ്കാളി വരവിനിടെയാണ് കുന്നംകുളം പോലീസിന്റെ ക്രൂരത അരങ്ങേറിയത്. നിരവധി പേരെയാണ് പോലീസ് ലാത്തികൊണ്ടടിച്ചും സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് ഇരയായ കൂര്ക്കപറമ്പില്ജയപ്രകാശിന്റെ മകന് ജെമീഷിന്റെ നില ഗുരുതരമാണ്. തോളിലും ഇരു തുടകളിലും കൈത്തണ്ടയിലും മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചുകിടക്കുകയാണ്. സ്റ്റേഷനിലെ കബീര്‍, ജോര്‍ജ്ജ് എന്നീ പോലീസുകാരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്ത യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ജനമൈത്രി പോലീസെന്ന് ഖ്യാതിയുള്ള കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരുടെ അടുത്തുനിന്നും മൊഴിയെടുക്കാന്‍ മര്‍ദ്ദിച്ചവര്‍ തന്നെ എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി.
മര്‍ദ്ദിച്ച ആള്‍ക്ക് മൊഴികൊടുക്കാന്‍ തയ്യാറില്ലെന്ന് ആശുപത്രിയില്‍ കിടക്കുന്നവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സിഐ മറ്റൊരു പോലീസുകാരനെ പറഞ്ഞുവിടുകയായിരുന്നു. ജെമീഷിനെ അമല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: