പാലക്കാട്: രണ്ടു ദിവസമായി പാലക്കാട് പ്രസ്ക്ലബ് ഹാളില്‍ നടന്നുവന്ന എജെകെ ദ ഗ്രെയിന്‍ ഹ്രസ്വചലച്ചിത്രമേള സമാപിച്ചു. നിസാം ആസഫ് സംവിധാനം ചെയ്ത ലാബിരിന്ത് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത ഡോഗ് ഹാസ് എ ഡേ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. സുരേഷ് ഉണ്ണി സംവിധാനം ചെയ്ത ഹംഗര്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 10000, 5000, 5000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ആദ്യവാരം പാലക്കാട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പാലക്കാട് പ്രസ് ക്ലബും ജില്ലാ ലൈബ്രറി കൗണ്‍സിലും കോയമ്പത്തൂര്‍ എജെകെ കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗവുമായി ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്.
പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായ ജി.പി രാമചന്ദ്രന് അധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ജ്യോതിഭായി പരിയേടത്ത്, സിനിമാ ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് അംഗങ്ങളും പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന് നരിക്കുട്ടി മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്. മേളയില്‍ പ്രദര്‍ശിപ്പിച്ച പല ചിത്രങ്ങളും ഉന്നത നിലവാരം പുലര്‍ത്തിയതായി ജൂറി അധ്യക്ഷന്‍ ജി.പി രാമചന്ദ്രന് പറഞ്ഞു. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ജൂറിയ്ക്ക് ഏകാഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹേശ്വതാ ദേവിയുടെ റോംഗ് നമ്പര്‍ എന്ന ചെറുകഥയെ അവലംബിച്ചാണ് ലാബിരിന്ത് എന്ന ഹ്രസ്വചിത്രം ഒരുക്കിയത്.
സമകാലിക ജീവിതത്തെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന അമ്പത്തിയൊന്ന് ഹ്രസ്വചിത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മത്സര വിഭാഗത്തില്‍ നാല്‍പ്പത്തിയേഴും മത്സരേതരവിഭാഗത്തില്‍ നാലും ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: