പള്ളുരുത്തി: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സീ മെറ്റ് നേഴ്സിംഗ് കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലെന്ന് പരാതി. പള്ളുരുത്തി കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 240 ഓളം കുട്ടികളാണ് പഠിക്കുന്നത്. അഡ്മിഷന് ഘട്ടത്തില്‍ കോളേജ് അധികൃതര്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. മാര്‍ച്ച് രണ്ടിന് കോളേജിനു മുന്നില്‍ രക്ഷിതാക്കളുടെ നിരാഹാരസമരം ആരംഭിക്കുമെന്ന് ഇവര്‍ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് ഇവിടെ പഠിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും കോളേജില്‍ നിന്നും അകലെയുള്ള ഇടക്കൊച്ചിയിലെ ഒരുസ്വകാര്യ ഹോസ്റ്റലിലാണ് 190 ഓളം കുട്ടികള്‍ താമസിക്കുന്നത്. ഇവിടെയുള്ള പരിമിതമായ സാഹചര്യത്തില്‍ കുട്ടികള്‍ ഒതുങ്ങി കൂടുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇത്തരം സാഹചര്യം കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന് ഇവര്‍ പരാതിപ്പെടുന്നു.
നേഴ്സിംഗ് കോളേജിനുസമീപമുള്ള സര്‍ക്കാര്‍ ആശുപത്രികെട്ടിടത്തിലും 50 ഓളം കുട്ടികളെ താമസിപ്പിച്ചിരുന്നുവെങ്കിലും ആശുപത്രികെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ മാറ്റുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കുട്ടികളുടെ ഭാവി കടുത്ത ആശങ്കയിലാക്കിയ കോളേജ് അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനും രക്ഷിതാക്കള്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നിരാഹാര സമരമെന്ന് രക്ഷിതാക്കളുടെ പ്രതിനിധിയായ പത്മനാഭന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: