പറവൂര്‍: പറവൂര്‍ വില്ലേജ് ഓഫീസിന് സമീപം ദേശീയ പാത -17നോട് ചേര്‍ന്ന് അനധികൃതമായി ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നു. നഗരസഭ വൈസ് ചെയര്‍മാന്റെ ബന്ധുവിന്റേതാണ് ഈ ബഹുനിലകെട്ടിടം.
ദേശീയ പാതയില്‍നിന്ന് മൂന്ന് മീറ്റര്‍ ഉള്ളിലാണ് കെട്ടിടം പണിയുന്നത്. കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച് ബഹുനിലകെട്ടിടത്തിന് മൂന്ന് വശവും പാര്‍ക്കിങ്ങ് സൗകര്യം വേണമെന്നിരിക്കെ ഈ കെട്ടിടത്തിന് പുറക് വശത്തും ഇരുവശങ്ങളിലും ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു പോകുവാനുള്ള സൗകര്യം മാത്രമാണുള്ളത്. മുന്‍ വശത്ത് ദേശീയ പാതയും കെട്ടിടവും തമ്മില്‍ രണ്ട് മീറ്ററാണ് ദൂരവ്യത്യാസം.
പാര്‍ക്കിങ്ങ് സൗകര്യമില്ലാത്ത ഈ ബഹുനില കെട്ടിടത്തിന് എങ്ങനെയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അനുമതി ലഭിച്ചതെന്നാണ് സംശയമുയരുന്നത്. ഇതിന്റെ കോണിപ്പടി നിര്‍മ്മിച്ചിരിക്കുന്നതു തന്നെ അനധികൃതമായാണ്. പുറത്ത് പൈപ്പ് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ കോണിപ്പടിനിര്മ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം നഗരസഭ അധികൃതര്‍ മൂടിവെയ്ക്കുകയാണ് ചെയ്തത്.
കെട്ടിടത്തിന്റെ ഉടമ നഗരസഭ വൈസ് ചെയര്‍മാന്റെ ബിനാമിയാണെന്നാണ് ജനസംസാരം. അതുകൊണ്ടാണ് നഗരസഭയ്ക്ക് നൂറ് മീറ്റര്‍ അകലെ നടക്കുന്ന ഈ അനധികൃത നിര്‍മ്മാണം അധികൃതര്‍ കണ്ടില്ലായെന്ന് നടിക്കുന്നതെന്നാക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന നഗരസഭ ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: