മട്ടാഞ്ചേരി: സമുദ്രോല്‍പ്പന്ന പ്ലാന്റിലുണ്ടായ അമോണിയം ചോര്‍ച്ചയെത്തുടര്‍ന്ന് മധ്യവയസ്കന് മരണപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് ചുള്ളിക്കല്‍ കൊച്ചങ്ങാടി റോഡിലെ കോസ്റ്റല്‍ മറൈന്‍ പ്ലാന്റില്‍ അമോണിയചോര്ച്ചയുണ്ടായത്. അമോണിയചോര്ച്ചയുണ്ടായ വാല്‍വ് അടക്കുന്നതിനിടെയാണ് പ്ലാന്റ് ഓപ്പറേറ്റര്‍ കോഴിക്കോട് സ്വദേശി മുണ്ടംവേലി കാട്ടുമ്പുറം റെജിനോള്‍ഡ് (50) മരിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മറ്റ് തൊഴിലാളികള്‍ വാല്‍വ് അടച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സമുദ്രോല്‍പ്പന്ന സംസ്കരണശാലയിലെ തൊഴില്‍ കുറവായതിനാല്‍ രാത്രികാല ജോലി നടക്കുന്നില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ അമോണിയം ഗന്ധം പടര്‍ന്നുതുടങ്ങിയത്. ഓപ്പറേറ്റര്‍ റജിനോള്‍ഡ് വാല്‍വ് അടക്കുന്നതിനിടെ ശ്വാസംമുട്ടലനുഭവപ്പെട്ട് ബോധരഹിതനായി. ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുംമുമ്പേ മരിച്ചു. വാല്‍വ് ചോര്‍ച്ചയെത്തുടര്‍ന്ന് പോലീസും ഫയര്‍ റസ്ക്യൂ വിഭാഗവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
മട്ടാഞ്ചേരി എസ്ഐ ലോഹിതാക്ഷന്, ഫയര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ.ജെ. തോമസ്, നഗരസഭാംഗം എ.എച്ച്. നിയാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പ്ലന്റിലുണ്ടായ വാതകചോര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണവും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: