തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാം എന്ന മുറ്റിച്ചൂര്‍കാരന്‍ പിറന്നുവീണതുതന്നെ പണത്തൊട്ടിലില്. ബാല്യത്തില്‍ തന്നെ ലക്ഷങ്ങള്‍ കണ്ട് വളര്‍ന്ന നിസാം സ്കൂള്‍ പഠനകാലത്തുതന്നെ ആര്‍ഭാട ജീവിതമാണ് നയിച്ചത്.
ബൈക്കുകളിലും ആഡംബര കാറുകളിലുമാണ് കോളേജുകളില്‍ പോയിരുന്നത്. അതിനാല്‍ത്തന്നെ വലിയ സുഹൃദ് വലയം ഉണ്ടായിരുന്നു. ഇവരെ നിലനിര്‍ത്തിയതും പണം ഒഴുക്കിത്തന്നെ. പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതോടെയാണ് ഇവരുടെ കച്ചവടസ്ഥാപനമായ കിങ്ങ് ബീഡി കമ്പനിയുടെ ഭരണസാരഥ്യം നിസാം ഏറ്റെടുത്തത്. ഇതില്‍ നിന്ന് നല്ല വരുമാനം ഉണ്ടായിരുന്നെങ്കിലും തന്റെ ആര്‍ഭാട ജീവിതത്തിന് ഇതൊന്നും പോരാ എന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മേഖലകളിലേക്ക് തിരിഞ്ഞത്.
ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ അനധികൃതമായ പണസമ്പാദനത്തിന് വലിയ ബന്ധങ്ങള്‍ നിസാം ഉണ്ടാക്കിയെടുത്തു. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെയും പണം നല്കി കയ്യിലെടുത്തു.
ഇതിനിടെയാണ് കേസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നത്. ഇതില്‍ നിന്നും തലയൂരാന്‍ പോലീസും വേണമെന്ന ചിന്ത ഉയര്‍ന്നതോടെ അവിടേക്കും പണം ഒഴുക്കിത്തുടങ്ങി. നാട്ടില്‍ പലതവണ പലരുമായും വഴക്കിടുകയും വാഹനങ്ങള്‍ ഇടിച്ച് പ്രതികാരം തീര്‍ക്കുകയും ചെയ്തിരുന്ന നിസാം അന്നെല്ലാം പണമൊഴുക്കിത്തന്നെയാണ് രക്ഷപ്പെട്ടത്. വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നിന്ന് വരെ പോലീസ് നിസാമിന് രക്ഷ നേടിക്കൊടുത്തു. എതാനും ദിവസം മുമ്പ് ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ വരെ ജയിലില്‍ നിസാമിനെ കണ്ടത് ഈ ബന്ധങ്ങളുടെ തെളിവാണ്.
കാര്‍ റേസിങ്ങിനും മറ്റും പോയിരുന്ന നിസാം നാട്ടിന്‍പുറങ്ങളിലെ ഇടവഴികളില്പ്പോലൂം അമിത വേഗതയിലാണ് കാറോടിച്ചിരുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃപ്രയാര്‍ കിഴക്കെനടയില്‍ ചീറിപ്പാഞ്ഞുവന്ന കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഉയര്‍ന്നത് കൊച്ചുകുട്ടിയുടെ കരച്ചിലായിരുന്നു. ഇതുകേട്ട് ഓടിവന്ന നാട്ടുകാരെ ഇളിഭ്യരാക്കി നിസാം ചിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട നാട്ടുകാര്‍ ഒന്നു പെരുമാറിയതിന് ശേഷമാണ് വിട്ടയച്ചത്. കുട്ടിയുടെ കരച്ചിലിന്റെ ശബ്ദമുള്ള ഹോണായിരുന്നു അത്.
ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൃശൂരിലേക്ക് താമസം മാറ്റിയതോടെ ടൗണില്‍ ആദ്യം തുടങ്ങിയ ഫെയ്സ് ഓഫ് ഫെയ്സ് സ്ഥാപനത്തിന്റെ എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു റെഡിമെയ്ഡ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കമാണ് ആദ്യം ചെയ്തത്. ഇതിനായി കടയുടമയുമായി നിരന്തരം പ്രശ്നമുണ്ടാക്കി അയാളെ അവിടെനിന്നും ഓടിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നല്‍കിയെങ്കിലും നിസാമിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ജില്ലയില്‍ തന്നെ പറവട്ടാനി, വിയ്യൂര്‍, താണിക്കുടം, കൂര്‍ക്കഞ്ചേരി, അത്താണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഫഌറ്റുകളും സ്ഥലങ്ങളും നിസാമിനുണ്ട്. എന്നാല്‍ ഇത് വാങ്ങുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെനിന്നാണെന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ മറ്റ് ഏജന്‍സികളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. ബംഗളൂരിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണ് നിസാമിന് ഉള്ളത്. തൃപ്രയാറിലുള്ള ജ്വല്ലറിയിലേക്ക് ഇയാള്‍ എത്തിയിട്ട് കാലങ്ങളായി. ജീവനക്കാര്‍ തന്നെയാണ് നടത്തിക്കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: