തൃശൂര്‍:വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നാളെ സംഘടിപ്പിക്കുന്ന റവന്യൂ അദാലത്തിന്റെ ഒരുക്കം പൂര്‍ത്തിയായി. ഇരുപതിനായിരം ചതുരശ്ര അടിയില്‍ കൂറ്റന്‍ പന്തലും ഇതിനായി നിര്‍മ്മിച്ചിട്ടുണ്ട്.
റവന്യൂ – സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
രാവിലെ 8 . 30 ന് അദാലത്ത് ആരംഭിക്കും. മന്ത്രി സി.എന്‍. ബാലകൃഷ്ണന് , ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റവന്യൂ – സര്‍വെ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അദാലത്തില്‍ ഉണ്ടാകും. ഇതുവരെ 25746 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. പരാതികളില്‍ റവന്യൂ മന്ത്രി തീര്‍പ്പു കല്‍പ്പിക്കും.
റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പോക്കുവരവ്, പട്ടയം, അതിര്‍ത്തി നിര്‍ണയം, റീ സര്‍വ്വേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതിക്ഷോഭം, എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കാനെത്തിയിട്ടുള്ളത്. കോടതിയില്‍ നിലവിലുള്ള കേസുകള്അദാലത്തില് പരിഗണിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായധനവും ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വികസന ചിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: