പൊന്‍കുന്നം: വഴിയും വെള്ളവുമില്ലാതെ ഒന്‍പത് കുടുംബങ്ങളുടെ ജീവിതം നരകതുല്യം. വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആനകുത്തി നാലാം വാര്‍ഡില്‍ വാതല്ലൂര്‍ കോളനി നിവാസികളാണ് നരകതുല്യ ജീവിതം നയിക്കുന്നത്. മൂന്നും നാലും സെന്റും സ്ഥലങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. കൊച്ചുകൂരകളിലാണ് പലരുടെയും താമസം. 19-ാം മൈലില്‍ നിന്നും അരകിലോമീറ്റര്‍ നടന്നുവേണം കോളനയില്‍ എത്താന്‍. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള നടപ്പുവഴി കഴിഞ്ഞാല്‍ പിന്നെ തോടുകയറി കാടുനിറഞ്ഞ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുകൂടിവേണം കോളനിയില്‍ എത്തിച്ചേരാന്‍. വികസനം എന്നുപറയാന്‍ സാധിക്കുന്നത് 2004ല്‍ ലഭിച്ച വൈദ്യുതി കണക്ഷന് മാത്രമാണ്.
കോളനി നിവാസികള്‍ക്ക് അസുഖം വന്നാല്‍ കസേരയില്‍ ഇരുത്തിചുവന്ന് വേണം റോഡിലെത്താന്‍. കുടിവെള്ളം ലഭിക്കണമെങ്കില്‍ ആനത്താനം എസ്റ്റേറ്റില്‍ നിന്ന് തലച്ചുമടായാണ് വീട്ടില്‍ എത്തിക്കാന്‍. വേനല്‍ക്കാലം വന്നാലും മഴക്കാലം വന്നാലും കിലോമീറ്ററുകള്‍ താണ്ടണം. മഴക്കാലം ആരംഭിച്ചാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. തോട്ടില്‍ വെള്ളം ഉയര്‍ന്നാല്‍ കിലോമീറ്ററുകള്‍ ചുറ്റിവേണം ദേശീയപാതയില്‍ പ്രവേശിക്കാന്‍. ഒന്‍പത് കുടുംബങ്ങളിലായി ഇരുപതോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ പലരും പ്രായമുള്ളവരും രോഗികളുമാണ്. പല വീടുകളും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് കാലങ്ങളായി. ഏതുനിമിഷവും നിലംപതിക്കാമെന്നവസ്ഥ. കാടായതിനാല്‍ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. വഴിയും കുടിവെള്ളവും ലഭിക്കണമെന്നതാണ് ഏക ആഗ്രഹമെന്ന് കോളനി നിവാസികള്‍ പറയുന്നു. ഭരണകൂടങ്ങളില്‍ നിന്ന് കനിവ് തേടി കഴിയുകയാണ് വാതല്ലൂര്‍ കോളനി നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: