ചെട്ടികുളങ്ങര: ചെട്ടികുളങ്ങരദേവിയുടെ തിരുനടയില്‍ സമര്‍പ്പിക്കുന്ന 13 കരക്കാരുടെ കെട്ടുകാഴ്ചകളെ വരവേല്ക്കുവാന് കാഴ്ചക്കണ്ടം ഒരുങ്ങി. ക്ഷേത്രത്തിനു മുന്‍വശത്താണ് വിശാലമായ കാഴ്ചകണ്ടം. ടാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിച്ച് കാഴ്ചകണ്ടം ഭംഗിയാക്കി. ക്ഷേത്ര അവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കുംഭഭരണിനാളായ 24നാണ് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിയ ചെട്ടികുളങ്ങര കെട്ടുകാഴ്ചവരവ്. വൈകിട്ട് നാലിന് കരകളില്‍ നിന്നും ആരംഭിച്ച് വയലുകളും വീഥികളും താണ്ടിയാണ് കെട്ടുകാഴ്ചകള്‍ ദേവീദര്‍ശനത്തിനു ശേഷം കാഴ്ച കണ്ടത്തില്‍ ഇറങ്ങുന്നത്.
ആദ്യം ഈരേഴതെക്ക് കരക്കാരാണ് ഇറങ്ങുന്നത്. പിന്നീട് കരകളുടെ ക്രമമനുസരിച്ച് ഈരേഴ വടക്ക്, കൈതതെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നീ കരകളുടെ കെട്ടുകാഴ്ചകള്‍ കാഴ്ച കണ്ടത്തില്‍ ഇറങ്ങും. പുലര്‍ച്ചെ മൂന്നിന് മണിയോടെ കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ കണ്ട് അനുഗ്രഹിക്കുവാനായി ദേവി ജീവതയിലെഴുന്നള്ളും. ഓരോ കെട്ടുകാഴ്ചകളുടെ സമീപവുമെത്തി കെട്ടുകാഴ്ചകള്‍ കണ്ട് കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ദേവി ക്ഷേത്രത്തിലേക്കു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: