ആലപ്പുഴ: വണ്ടാനം റ്റിഡി മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ രോഗികള്‍ക്ക് ഭക്ഷണം കൊണ്ടുവരാന്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ മാത്രം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇതു സംബന്ധിച്ച് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കാന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ആശുപത്രിക്കുള്ളില്‍ പ്ലാസ്റ്റിക് കിറ്റുകളിലും മറ്റും ഭക്ഷണം കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. ഹോട്ടലുകളില്‍നിന്നും മറ്റും ഭക്ഷണം കൊണ്ടുവരുന്ന കട്ടികുറഞ്ഞ അലൂമിനിയം പാത്രങ്ങളും അവശിഷ്ടങ്ങളും മാലിന്യപ്രശ്നം സൃഷ്ടിക്കുന്നതായി സൂപ്രണ്ട് ഡോ. സന്തോഷ് കെ. രാഘവന് യോഗത്തില്‍ പറഞ്ഞു.
കറികളും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളും അലൂമിനിയം ഫോയിലുകളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിക്കുന്നതിനാല്‍ തരംതിരിക്കാന്‍ പ്രയാസമേറുന്നു. പ്ലാസ്റ്റിക് മാലിന്യം കലര്‍ന്നാല്‍ ജൈവമാലിന്യസംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ ആശുപത്രിക്കുള്ളില്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരുന്ന ഭക്ഷണം മാത്രം അനുവദിക്കാനാണ് ആലോചിക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുമ്പോള്‍ കുറഞ്ഞ വിലയില്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ നല്‍കുന്നുണ്ട്. ഈ മാതൃക ഇവിടെയും നടപ്പാക്കുന്നതിന്റെ സാധ്യത ആരായാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: