ചെങ്ങന്നൂര്‍: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആചാരപെരുമയില്‍ ചെങ്ങന്നൂര്‍ മഹാദേവന് പരിശംവെയ്പ് നടത്തി ആലപ്പാട്ട് അരയപ്രമാണിമാര്‍ മടങ്ങി. പരമ്പരയില്‍പ്പെട്ട മറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെ കുഴിത്തുറ ഗ്രാമസേവാസംഘത്തിന്റെയും, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 1810-ാം പരിശംവയ്പ് നടന്നത്.
കുഴിത്തുറ ഗ്രാമസേവാസംഘം പ്രസിഡന്റ് കെ.ജനാര്ദ്ധനന്, വൈസ് പ്രസിഡന്റ് ചിദംബരന്, സെക്രട്ടറി എസ്.ബൈജു, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗം പ്രസിഡന്റ് പൊന്നപ്പന്, വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശംവെയ്പ് ഘോഷയാത്ര ശിവരാത്രി ദിവസം വൈകിട്ട് അഞ്ചരയോടെ മഹാദേവക്ഷത്ര കിഴക്കേനടയില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ആര്.ജയശ്രീ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്, വൈസ്പ്രസിഡന്റ് റ്റി.കെ. മന്മഥന് നായര്‍, അംഗങ്ങളായ വിജയകുമാര്‍ വല്ലത്ത്, എന്‍.ജി. ശിവന്, രഘു മിഥില, എസ്.വി. പ്രസാദ്, കെ.ജി. കര്‍ത്ത എന്നിവരും നിരവധി ഭക്തരും ചേര്‍ന്ന് ഫെബ്രുവരി 18ന് ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്ര ക്ഷേത്രത്തിന് വലം വയ്ക്കുകയും പരിശകുംഭം പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള കളിത്തട്ടില്‍ കത്തിച്ചുവെച്ച നിലവിളക്കിനുപിന്നില് വാഴയില വിരിച്ച് ഇതില്‍ വച്ചു.
തുടര്‍ന്ന് നടന്ന സാംസ്ക്കാരികസമ്മേളനം എംഎല്‍എ പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി.മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍വ്വതി ദേവി അരയന്മാരുടെ പുത്രി എന്ന സങ്കല്‍പ്പത്തില്‍ ഭര്‍ത്താവായ ശ്രീപരമേശ്വരന് സത്രീധനം നല്കുന്ന ചടങ്ങാണ് പരിശം വെയ്പ്. രാത്രി12 മണിയോടെ ശ്രീകോവിലിലെ പ്രത്യേകപൂജകള്‍ക്ക് ദേവീദേവന്മാരെ പരിശംവെയ്പ് ചടങ്ങിനായി പുറത്തേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന് വലംവച്ച് കിഴക്കേനടയിലെ മണ്ഡപത്തില്‍ വന്ന് തെക്കോട്ട് തിരിഞ്ഞ് അരയന്മാര്ക്ക് ദര്‍ശനം നല്‍കുകയും തുടര്‍ന്ന് ഭക്തരുടെ നിറപറസ്വീകരിച്ചു.
രണ്ട് മണിയോടെ പരിശം വെയ്പിന് നിയുക്തരായ കരയോഗം ഭാരവാഹികള്‍ നിലവിളക്കിന് മുന്പില് വെച്ചിരുന്ന വെള്ളികുംഭത്തില്‍ പരിശപ്പണം സമര്‍പ്പിച്ചു. ഇതിന് ശേഷം അരയന്മാരും, മറ്റ് ഭക്തജനങ്ങളും പൊലി അര്‍പ്പിച്ചു. തുടര്‍ന്ന് ദേവീ ദേവന്മാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. പ്രസാദമായി കരിക്കും, പഴവും, പടച്ചോറും, പായസവും ഏറ്റുവാങ്ങി ബലിതര്‍പ്പണം നടത്തിയാണ് ആലപ്പാട്ട് അരയ സംഘം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: