ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ ‘സോളാര്‍’ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടി അണികളിലും ഘടകകക്ഷികള്‍ക്കിടയിലും പ്രതിഷേധം വ്യാപകമായി.
ഈ സാഹചര്യത്തില്‍ വേണുഗോപാല്‍ പങ്കെടുക്കുന്ന സെമിനാര്‍ സിപിഐ ബഹിഷ്കരിക്കുമെന്ന് സൂചന. 20ന് നടക്കുന്ന സെമിനാറില്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രനും പങ്കെടുക്കുമെന്നാണ് സിപിഎം പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി പ്രതിനിധി പങ്കെടുക്കുന്നതിനെതിരെ സിപിഐ അണികളിലും വ്യാപകമായി അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നത് കേവലം അഡ്ജസ്റ്റ്മെന്റ് സമരം മാത്രമാണെന്ന് ശക്തമായ വിമര്‍ശനം ഉന്നയിച്ചത് സിപിഐയാണ്.
കൂടാതെ ഏഴുമാസം മുമ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാലിനെതിരെ സിപിഐ ഉള്‍പ്പെടെ സോളാര്‍ വിഷയം മുഖ്യപ്രചാരണായുധമാക്കിയതെന്നതും ശ്രദ്ധേയമാണ്. സിപിഎം സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം സോളാര്‍ അന്വേഷണ കമ്മീഷന് മുമ്പാകെ കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക് തെളിവ് നല്കാന് തീരുമാനിച്ചതിനാല്‍ കെ.സി. വേണുഗോപാലിനെ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചതിനെതിരെ സിപിഎമ്മിലും അമര്‍ഷമുയരുന്നുണ്ട്.
സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെ പുറത്താക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് വളയുകയും, പിന്നീട് ഒരു രാത്രികൊണ്ട് സമരം അവസാനിപ്പിച്ച് സിപിഎം നാണംകെട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പൊതുസമൂഹത്തിലും വന്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സോളാര്‍ അന്വേഷണ കമ്മീഷന് മുമ്പാകെ തെളിവ് നല്കാന് ഒടുവില്‍ പാര്‍ട്ടി തീരുമാനിച്ചത്. മുന്‍ ധനമന്ത്രി തോമസ്ഐസക്കിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
സോളാര്‍ വിഷയത്തില്‍ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന പ്രതീതിയുണ്ടാക്കുകയും മറുഭാഗത്ത് സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നേതൃത്വത്തിന്റതെന്ന് ആക്ഷേപമുയരുന്നു. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചിട്ടുള്ള സെമിനാറിലാണ് വേണുഗോപാല്‍ പ്രസംഗിക്കുന്നത്. ആരോപണവിധേയനായ വേണുഗോപാലിനോട് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് മൃദുസമീപനമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഈ നടപടി.
പാര്‍ട്ടി അണികള്‍ക്കിടയില്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ക്കും സോളാറിലെ ആരോപണവിധേയരായവരെ സിപിഎം സെമിനാറുകളില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: