മണ്ണാര്‍ക്കാട്: പുതിയ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും പ്രഖ്യാപനം പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് വഴി മരുന്നിട്ടു. ജില്ലയില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളുടെ സമീപ
പ്രദേശങ്ങളിലാണ് ആശങ്കകളും പ്രതിഷേധങ്ങളും പടരുന്നത്.
മണ്ണാര്‍ക്കാട് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കുന്നതോടെ കാര്‍ഷിക ഗ്രാമമായ തെങ്കര ക്ക് തിരിച്ചടിയാകുമെന്നാണ് ഒരു വാദം. എണ്പതു ശതമാനവും കാര്‍ഷിക പ്രദേശമായ പഞ്ചായത്തിലെ വടക്കുമണ്ണവും അരയങ്കോടുമാണ് മുനിസിപ്പാലിറ്റിയോടു ചേര്‍ക്കുന്നത്. വാണിജ്യവരുമാനത്തിന്റെയും കോണ്‍ക്രീറ്റ് വീടുകളുടെയും കണക്കെടുത്താല്‍ തെങ്കര പഞ്ചായത്തിനു കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഈ വാര്‍ഡുകളില്‍നിന്നാണ്.
നിലവില്‍ പതിനേഴു വാര്‍ഡുകളുള്ള തെങ്കര പഞ്ചായത്ത് പതിനഞ്ചു വാര്‍ഡായി ചുരുങ്ങുന്നതോടെ വരുമാനത്തിലും കുറവുണ്ടാകും.മുനിസിപ്പാലിറ്റിയോടു ചേരുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് നികുതി, വെള്ളക്കരം എന്നിവയില്‍ വര്‍ധനയുണ്ടാകും. പഴയ ചെക്ക്പോസ്റ്റ് മുതല്‍ മണലടി, മുതുവല്ലി, വെള്ളാരംകുന്ന്, ചേന്നംകുളം, തത്തേങ്ങലം, തെങ്കര മുതലുള്ള ഭാഗങ്ങളായിരിക്കും തെങ്കര പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. ഈ ഭാഗങ്ങളില്‍നിന്നും കാര്യമായ നികുതി വരുമാനം ലഭിക്കില്ല.
പട്ടമ്പിക്കടുത്ത് ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് അശാസ്ത്രീയമായി വിഭജിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗിരീഷ് ഉദ്ഘാടനംചെയ്തു. ആക്ഷന്‍കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. ഗോപി, രാമചന്ദ്രന്, ഷാജി, അച്യുതന്, പി.വി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. വില്ലേജ് അടിസ്ഥാനത്തില്‍ വിഭജനം നടപ്പാക്കണമെന്ന് ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: