കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയ ഏര്‍പ്പാട് ഇങ്ങോട്ടുകൊണ്ടുവരരുതെന്ന് സുപ്രീംകോടതി വാക്കാല്‍ ഓര്‍മ്മിപ്പിച്ചത് പരിണിതപ്രജ്ഞനെന്ന് ചിലരൊക്കെ വിശേഷിപ്പിക്കുന്ന നേതാവിനോടാണ്. ഒരു കേസിന്റെ സുഗമമായ യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അതിന് നിമിത്തമായത്. കമ്മ്യൂണിസ്റ്റുകള്‍ക്ക് എക്കാലത്തെയും കന്മഷമാണ് കോടതി. എന്നു വെച്ചാല്‍ ജുഡീഷ്യറി. ഒന്നുകൂടി താഴോട്ടുപോയാല് ജഡ്ജിമാര്‍. അവരെ നേരിട്ട് രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുക്കുന്നതല്ലെങ്കിലും ജനാധിപത്യത്തിന്റെ കൂടാരം താങ്ങി നിര്‍ത്തുന്ന ഘടകങ്ങളില്‍ സുപ്രധാന സ്ഥാനം അതിനുണ്ട്. അതിനെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ വഴികളില്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളെ നിരത്തുകയും ചെയ്യുകയെന്നാല്‍ ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുകയെന്നു തന്നെ അര്‍ത്ഥം. വിപ്ലവം തോക്കിന്‍കുഴലിലൂടെയെന്ന് വിശ്വസിച്ച് നടന്ന് ഗതികിട്ടാ പ്രേതമായപ്പോള്‍ ചില്ലറ മാറ്റം വിശ്വാസത്തില്‍ വരുത്തിയെങ്കിലും സ്വത്വാത്മകത നടേ സൂചിപ്പിച്ചതു തന്നെ. അതുകൊണ്ടാണ് കോടതിക്കും അതിന്റെ നടപടികള്‍ക്കുമെതിരെ മസില് ഭാഷയും മസില്‍പവറും കാണിക്കുന്നത്.
ഇഷ്ടമില്ലാത്ത വിധി വന്നാല്‍ ഉത്തരവിട്ട ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തിയും കോടതിക്കെതിരെ മുദ്രാവാക്യം വിളിച്ചും കണ്ണുരുട്ടി പേടിപ്പിക്കുന്ന അണികളെ വരിനിര്‍ത്തിയും നടത്തുന്ന സകലകലാപരിപാടികള്ക്കുമെതിരെയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവര്‍ കണക്കിന് കൊടുത്തത്. ജസ്റ്റിസ് ഠാക്കൂറിന്റെ വാക്കുകളിലേക്ക്: ഒരാള്‍ നിലവിലെ മുഖ്യമന്ത്രിയും മറ്റേയാള്‍ പ്രതിപക്ഷ നേതാവുമാണ്. പാമോലിന്‍ കേസില്‍ വിചാരണ നടക്കുന്നുണ്ട്. അത് നടക്കട്ടെ. രാഷ്ട്രീയ നേട്ടത്തിനുള്ള കരുനീക്കമാണ് അച്യുതാനന്ദന് നടത്തുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുകയാണ് ലക്ഷ്യം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ വലിയ വില നല്‍കേണ്ടിവരും. മനുഷ്യമതില്‍, ചങ്ങല, ഇടിക്കട്ട, കത്തി, കൊടുവാള്, ബോംബ് ഇത്യാദി രസികന്‍ ഉപകരണങ്ങളുമായി ഇതിനെ നേരിടാന്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന് കരുതുന്നവരുണ്ടാകാം. പ്രിയ സഖാവ് എം.വി. ജയരാജനും സംഘത്തിനും അതിന്റെ നിര്‍മ്മിതി-വ്യാപന ചരിത്രം അറിയുന്നതുകൊണ്ട് പ്രശ്നമുണ്ടാവില്ല. സര്‍ക്കാര്‍ ചെലവില്‍ കുറേ ദിവസം സ്വസ്ഥസുന്ദരമായി കഴിഞ്ഞുകൂടാനുള്ള ഏര്‍പ്പാടായ സ്ഥിതിക്ക് കൂളായി കാര്യങ്ങള്‍ ചെയ്യാം. ജനനേതാക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ക്കെന്ത് ഗതിയുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ നെഞ്ചത്തടിച്ചു നിലവിളിക്കയത്രേ കരണീയം. തെറ്റിദ്ധാരണ കൊണ്ടാണ് ജഡ്ജിമാര്‍ ഇവ്വിധം പരാമര്‍ശങ്ങള്‍ നടത്തിയതെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്ന് വിഎസ് മഹിതാശയന് പറഞ്ഞുവെച്ചിട്ടുണ്ട്. മുന്നേ സൂചിപ്പിച്ച ഉപകരണങ്ങള്‍ വഴിയാണോ അതൊക്കെ ചെയ്യുക എന്നറിഞ്ഞുകൂട. ഏതായാലും ഇമ്മാതിരി ഏര്പ്പാടുകളുടെയൊക്കെ വെളിച്ചത്തില്‍ നമുക്കൊരു ജപ്പാന് പഴമൊഴി ഇവിടെ ഓര്‍ത്തുവെക്കാം.
മൂന്നിഞ്ച് നീളമുള്ള നാക്കിന് ആറടി നീളമുള്ള മനുഷ്യനെ വധിക്കാന്‍ പ്രയാസമില്ല. അച്യുതാനന്ദ-ജയില്‍ രാജന്മാര്ക്ക് നല്ല നമസ്കാരത്തോടെ അടുത്ത കളത്തിലേക്കിറങ്ങാം. ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞുകിടക്കുന്നത് കാണുകയെന്നത് എത്ര സുന്ദരം, എത്ര മധുരം. ആ പാട്ട് പാടിയ നമ്മുടെ പ്രിയങ്കര ലാലേട്ടനോ? അയത്നലളിതനടന വൈഭവത്തിന്റെ തമ്പുരാന്. ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ആ അഭിനയ സമ്രാട്ടിന്റെ മേല്‍ ഇപ്പോള്‍ കരി ഓയില്‍ ചീറ്റിക്കാന്‍ പലരും അഹമഹമികയാ വരുന്നു. വല്ലാത്ത സങ്കടമാണിത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ പരിപാടി അവതരിപ്പിച്ചതിലെ അപാകതയ്ക്ക് ആ മഹാനടന് കൊടുക്കേണ്ടിവന്നത് ജനങ്ങള്‍ താലോലിക്കുന്ന ആ പേര് തന്നെ. നേരത്തെ ഏറ്റ പരിപാടി നടത്താനാവില്ലെന്ന് അറിഞ്ഞ സംഘാടകര്‍ നാലാം മണിക്കൂറില്‍ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് കേണപേക്ഷിച്ചതിനെ തുടര്‍ന്നാണ് പൂര്ണസജ്ജമായിട്ടില്ലാത്ത തന്റെ പുതിയ സംരംഭത്തിന് അരങ്ങേറ്റമൊരുക്കാന്‍ സ്നേഹസമ്പന്നനായ ആ കലാകാരന് തയ്യാറായത്. ഗെയിംസിന്റെ ഓരോ കോണ്‍ വഴിയും ചോര്‍ന്നുപോയ കോടികളുടെ കണക്ക് ശ്രദ്ധയില്‍പെടാതിരിക്കാന്‍ മോഹന്‍ലാലിന്റെ വഴിയിലേക്ക് എല്ലാ ചപ്പുചവറും വാരിയിടാന്‍ ഉപദേശിച്ച മഹാന്മാരോട് ഒരു വാക്ക്. ആ നടനെ ഇങ്ങനെ നാണംകെടുത്താന്‍ ആരാണ് നിങ്ങള്‍ക്ക് അച്ചാരം തന്നത്? എന്നിട്ട് നിങ്ങള്‍ എന്തു നേടി? കാലികവട്ടത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനോടും ഒരു വാക്ക്. സുഹൃത്തുക്കളുടെയും മറ്റും വാക്കുകള്‍ കേട്ട് എന്തിനും ഇറങ്ങിത്തിരിക്കും മുമ്പ് മനസ്സാക്ഷിയുടെ പൂര്‍ണസമ്മതം വാങ്ങണം. ലാലേട്ടന്റെ ഇതു സംബന്ധിച്ച കുറിപ്പിലെ വരികള്‍ വാസ്തവത്തില്‍ ആരുടെ ഹൃദയത്തിലും കണ്ണീര്വീഴ്ത്തുന്നതാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും ഈ പരിപാടിക്കായി നിറഞ്ഞ മനസ്സോടെ ഞാന്‍ ചെലവിട്ട അദ്ധ്വാനത്തെയും എന്റെ ആത്മാര്‍ത്ഥതയെയും നിസ്സാരവത്ക്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാറിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ, എന്നെ എന്നും സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് എന്നെപ്പറ്റി ഉള്ളില്‍ സംശയത്തിന്റെ ലാഞ്ഛന പോലും ഉണ്ടാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. ഒരു കലാകാരന് എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴക്കേണ്ടതില്ല. കലയുള്ളവന് കരുണയും കാരുണ്യവും അനുതാപവും ജന്മസിദ്ധം. അല്ലാത്തവര്‍ക്ക് കൊലപാതകം മാത്രം പഥ്യം. ഇത്തരക്കാരോടാണ് സുപ്രീംകോടതി ഇങ്ങനെ സൂചിപ്പിച്ചത്: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം.
സമൂഹത്തെ അടുത്തറിയുന്ന, അവരെ നേര്‍വഴികാട്ടി നടത്തുന്ന ഒരു പ്രസ്ഥാനം എങ്ങനെയാണ് ഒരു മാധ്യമം പുറത്തിറക്കുക എന്ന് നിങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്നെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഹിരണ്യ മാസിക അത് നല്‍കും. വേദപ്പൊരുള്‍ സാധാരണക്കാരന്റെ ഊന്നു വടിയാക്കാന്‍ കഠിനപ്രയത്നം നടത്തുന്ന കാശ്യപാശ്രമത്തിന്റെ മാസംതോറുമുള്ള യജ്ഞപ്രസാദമാണ് ഹിരണ്യ. അതിന്റെ ഫെബ്രുവരി ലക്കത്തില്‍ രണ്ട് ലേഖനങ്ങള്‍. ഇന്ത്യന്‍ ബഹുസ്വരത ഐഎസ്ഐക്ക് കുടപിടിക്കുന്നുവോ? (തുഫെയ്ല്‍ അഹമ്മദ്) പി.കെയെ എന്തിനെതിര്‍ക്കണം? (അജിത് ആര്യ). ഇരു വിഷയങ്ങള്‍ക്കും മുകളില്‍ മൂടിക്കിടക്കുന്ന മഞ്ഞുപുതപ്പ് സംസ്കാരത്തിന്റെ ശബളിമ ചേര്‍ത്ത ഊഷ്മളത കൊണ്ട് തനിയെ ഉരുകിപ്പോകുന്നത് നമുക്ക് അനുഭവിക്കാനാവുന്നു. അതിന്റെ പിന്നിലെ സഹസ്രഹസ്തങ്ങള്ക്ക് കാലികവട്ടത്തിന്റെ ദണ്ഡനമസ്കാരം!
കടലാഴമുള്ള അമ്മ മനസ്സ് ഇന്നും വ്യാഖ്യാനഭേദങ്ങള്ക്കപ്പുറത്ത് വെണ്മേഘങ്ങളായി പാറി നടക്കുന്നു. മക്കളുണ്ടെങ്കില്‍ മാത്രമേ അമ്മയാവൂ എന്നില്ല. അമ്മ മനസ്സുള്ള ആരും അമ്മയാണ്. മക്കളുണ്ടെന്ന് കരുതി ചിലപ്പോള്‍ ചിലര്‍ അമ്മയാകണമെന്ന് നിര്‍ബ്ബന്ധവുമില്ല. ഇതാ ഒരമ്മ. അംഗപരിമിതരായവരെ സംരക്ഷിക്കല്‍ തലവേദനയായി കരുതി മൊത്തം പ്രാകി നടക്കുന്ന സ്വഭാവമുള്ളവര്‍ ഈ അമ്മയുടെ കാല്‍തൊട്ട് വന്ദിക്കുക. പയ്യന്നൂര്‍ സ്വദേശിയായ രാജാമണി ഒരമ്മയാണ്; മക്കളില്ലെങ്കിലും. എന്നാല്‍ അംഗപരിമിതിയുള്ള ആര്‍ക്കും അവര്‍ പ്രിയപ്പെട്ട അമ്മയാണ്. അത്തരം ആളുകളെപ്പറ്റി വിവരമറിഞ്ഞാല്‍ പിന്നെ അവര്‍ക്കായി ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളും മാറ്റിവെക്കുകയാണ് അവര്‍. വെല്‍ഡിങ് തൊഴിലാളിയായ പുഷ്പജനും അദ്ദേഹത്തിന്റെ അമ്മയും ബന്ധുക്കളും രാജാമണിയുടെ സ്നേഹസാന്ത്വനങ്ങള്‍ ആവോളം വളര്‍ന്ന് പന്തലിക്കാന്‍ ആവുന്നതൊക്കെ ചെയ്തുകൊടുക്കുന്നു. അംഗപരിമിതര്‍ മണിയമ്മയെന്ന് തേനൂറുന്ന വിളിയോടെ സംബോധന ചെയ്യുന്ന രാജാമണിയും ഭര്‍ത്താവും ഇന്ന് നൂറിലധികം പേരുടെ സ്നേഹസ്രോതസാണ്. മലയാള മനോരമയുടെ ഞായറാഴ്ച (ഫെബ്രു. 01)യില്‍ ടി. അജീഷ് ആ സ്നേഹമൂര്‍ത്തിയെ അക്ഷരങ്ങളില്‍ കോറിയിടുന്നു: കാണാക്കാഴ്ചകളുടെ അമ്മ. നാലുവരി കാണുക: സ്നേഹം നിറഞ്ഞൊഴുകുന്നൊരു പുഴയാണു മണിയമ്മ എന്ന രാജാമണി. സ്നേഹം പങ്കിടാന്‍ ദൈവം ഒരു കുഞ്ഞിനെ നല്കാതിരുന്നപ്പോള് മണിയമ്മയ്ക്ക് എല്ലാവരും മക്കളായി. നൊന്തു പ്രസവിക്കാത്ത നൂറുപേരുടെ അമ്മയാണ് മണിയമ്മയിപ്പോള്. ശരീരം തളര്‍ന്ന്, വീടിന്റെ അകത്തളങ്ങളില്‍ ജീവിതം ഹോമിക്കപ്പെട്ടിരുന്ന ഒട്ടേറെപ്പേര്‍ ഇന്നു ജീവിതം അറിയുന്നത് മണിയമ്മയുടെ സ്നേഹസാമിപ്യം കൊണ്ടാണ്. വൈകല്യം തളര്‍ത്തിയവരെ സ്വന്തം ചെലവില്‍ അവര്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി അമ്മയുടെ സ്നേഹം പകര്‍ന്നു നല്‍കുകയാണിവര്‍. ദൈവം സകലരെയും കൈയ്യൊപ്പിട്ടാണ് ഭൂമിയിലേക്കയക്കുന്നത്. ചിലര്‍ അത് സ്വഭാവം കൊണ്ട് തേച്ചുമാച്ചുകളയുന്നു; മറ്റു ചിലര്‍ അതിന്റെ പ്രഭകൂട്ടിക്കൊണ്ടിരിക്കുന്നു. മണിയമ്മമാര് അതിന്റെ തെളിവ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: