ആലപ്പുഴ: റോവിങ് ഹീറ്റ്സ് മത്സരങ്ങള്‍ ആവേശത്തിന്റെ അലകള്‍ തീര്‍ത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത കായികതാരങ്ങള്‍ തുഴഞ്ഞ ബോട്ടുകള്‍ ശരവേഗതയില്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചപ്പോള്‍ കരയില്‍ സഹതാരങ്ങളും ഒപ്പം നാട്ടുകാരും നിറഞ്ഞകൈയടികളോടെ പ്രോത്സാഹിപ്പിച്ചു. മത്സരനിയമങ്ങളെ കുറിച്ച് ഗ്രാഹ്യമില്ലാത്തവര്‍ പോലും ആവേശത്തില്‍ പങ്കാളികളായി. കേരളത്തിനായിറങ്ങിയ താരങ്ങളെ പ്രോത്സാഹിപ്പിച്ച പോലെ തന്നെ അന്യസംസ്ഥാന താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ കാണികള്‍ പിശുക്ക് കാട്ടിയില്ല.
രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്റ്റാര്‍ട്ടിങ് പോയിന്‍ില്‍ നിന്നും ബോട്ടുകള്‍ തുഴഞ്ഞ് വരുന്നത് താല്കാലിക ഗാലറിയില്‍ ഇരുന്നാല്‍ കാണാന്‍ കഴിയാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകരടക്കം ഗാലറിക്ക് സമീപം പൊരിവെയിലില്‍ നിന്നാണ് രാവിലെ മത്സരങ്ങള്‍ വീക്ഷിച്ചത്. താത്കാലിക ഗാലറിക്ക് സമീപം ഇരുന്ന് മത്സരം വീക്ഷിക്കുന്നതിന് കസേരകള്‍ ഇട്ടിരുന്നെങ്കിലും കനത്തവെയില്‍ കായികതാരങ്ങളെയും കാണികളെയും ഒരുപോലെ വലച്ചു. 2000 മീറ്റര്‍ വിഭാഗത്തില്‍ ഹീറ്റ്സ് മത്സരങ്ങളില്‍ വിജയിച്ച പുരുഷ-വനിതാ ടീമുകളുടെ സെമിഫൈനല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കും. രണ്ട് മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: