പാലാ: ബാര്‍ കോഴ കേസില്ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലായിലെ കെ.എം. മാണിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് തേര്‍വാഴ്ച. സമാധാന പരമായി പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ഗ്രനേഡുകള്‍ കൊണ്ടാണ് പോലീസ് നേരിട്ടത്. പതിനൊന്നോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രകടനം ആരംഭിച്ചത്. കൊട്ടാരമറ്റം സ്റ്റാന്‍ഡിനു സമീപം പോലീസ് ബാരിക്കേഡു കെട്ടി പ്രകടനം തടഞ്ഞു. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ചയുടെ പ്രകടനത്തിനു മുമ്പുതന്നെ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പോലീസ് പ്രവര്‍ത്തകരെ നേരിടാന്‍ തയ്യാറെടുത്തിരുന്നു. ഗ്രനേഡ് ഷെല്ലുകള്‍ തുടരെ വര്‍ഷിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്പരക്കം പാഞ്ഞു. ഇതിനിടയിലേക്ക് കണ്ണീര് വാതക ഷെല്ലുകളും പോലീസ് തൊടുത്തുവിട്ടു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ പതിനൊന്നോളം പ്രവര്‍ത്തകരെ പാലാ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ വിജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
ബിജെപി-യുവമോര്‍ച്ച- പട്ടികജാതി മോര്‍ച്ച നേതാക്കളായ ഡി. ജയകൃഷ്ണന്, വിനീത്, മണിലാല്‍, നാരായണന്, വി. തിരുമേനി, റ്റി.വി. മിത്രലാല്‍, കെ.ജി. ഗിരീഷ്, വിജയകുമാര്‍, ഷാജി മുഹമ്മദ്, പ്രകാശന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാതൃഭൂമി ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആര്. സന്ദീപ്, സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ടര്‍ സ്ഥിതപ്രജ്ഞന് എന്നിവര്‍ക്കും പരുക്കേറ്റു.
പരിക്കേറ്റ്ആശുപത്രിയിലുള്ളവരെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍, അഡ്വ. ആര്.എസ്. രാജീവ്, അഡ്വ. ഷൈജു, ജിജോ ജോസഫ്, ടി.ആര്. നരേന്ദ്രന്, എന്‍.കെ. ശശികുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
മാണിക്കതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം
കൊച്ചി: കോടികളുടെ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ. എം. മാണിക്കെതിരേ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് എന്‍ഫോഴ്സ്മെന്റ്.കേന്ദ്ര ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം . പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ഫോഴ്സ്മെന്റ് കൊച്ചി ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു. പ്രാഥമികാന്വേഷണത്തിനു ശേഷമാകും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കെ.എം മാണിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബിജു രമേശിനെ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: