കോട്ടയം: ബാര്‍കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാലായില്‍ പോലീസ് മാനദണ്ഢങ്ങള്‍ പാലിക്കാതെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞത്. മുന്നറിയിപ്പുകളില്ലാതെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിതിന്റെ പിന്നില്‍ ആഭ്യന്തര വകുപ്പും കെ.എം. മാണിയും തമ്മിലുള്ള ഗൂഢാലോചനയാണെന്നും സുധീര്‍ പറഞ്ഞു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും. ജില്ലാ, മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.
പോലീസിനെ ഉപയോഗിച്ച് യുവമോര്‍ച്ചയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിനെ തകര്‍ക്കാന്‍
ശ്രമിച്ചാല്‍ അത് വിജയിക്കില്ല. പാലായില്‍ അഴിമതിക്കെതിരെ പോരാടുന്ന യുവമോര്ച്ചയെയും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുധീര്‍ മുന്നറിയിപ്പ് നല്കി.
പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബിനുമോന്, വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ്, സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാ പ്രസിഡന്റ് എസ്.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: