ആലപ്പുഴ: എ-സി കനാല്‍ നവീകരണത്തിനായ് വിനിയോഗിച്ച കോടികള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. കനാല്‍ മാലിന്യം നിറഞ്ഞ് പഴയപടിയായി. മനയ്ക്കച്ചിറ മുതല്‍ ഒന്നാംകരവരെ 11.72 കിലോമീറ്റര്‍ ദൂരംവരുന്ന ഒന്നാംഘട്ട നവികരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13-ാം ധനകാര്യ കമ്മീഷന് അനുവദിച്ച 7.20 കോടി പാഴായെന്നാണ് ആക്ഷേപം. യന്ത്രങ്ങളുടെ സഹായത്തോടെ കനാലിന്റെ ആഴം കൂട്ടുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനുമായി 3.7 കോടിയും ഇരുവശത്തുമുള്ള കല്ക്കെട്ടുകളുടെ കേടുപാടുകള്‍ മാറ്റുന്നതിനും കല്‍ക്കെട്ടില്ലാത്ത ഭാഗത്ത് നിര്‍മ്മിക്കുന്നതിനുമായി 3.5 കോടി രൂപയുമായിരുന്നു അനുവദിച്ചിരുന്നത്. ഡോ. സ്വാമിനാഥന് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പദ്ധതി നടപ്പാക്കിയത്. ജനങ്ങള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഉദ്യോഗസ്ഥര്‍ അംഗികരിച്ചില്ല.
മനയ്ക്കച്ചിറ മുതല്‍ ഒന്നാംകരവരെയായിരുന്നു ഒന്നാം ഘട്ടമെങ്കിലും പള്ളിക്കൂട്ടുമ്മക്ക് അടുത്ത് തന്നെ മണ്ണെടുപ്പ് നിലച്ചമട്ടാണ്. കിടങ്ങറ, മാമ്പുഴക്കരി, വേഴപ്ര ഭാഗങ്ങളില്‍ കനാലിലെ നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ നീരോഴുക്ക് സുഗമമാകും വിധം പുതുക്കി പണിയാനോ പൊളിച്ചു പണിയാനൊ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതാണ് പദ്ധതി വന്‍പരാജയമായി മാറാന്‍ കാരണം.
പ്രധാന മൂന്നുപാലങ്ങള്‍ പൊളിച്ചു പണിയണമെന്ന നിര്‍ദ്ദേശം അവഗണിച്ചത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും പോളയും മറ്റും കെട്ടിക്കിടന്ന് കനാല്‍ വീണ്ടും ഉപയോഗശൂന്യമാകുന്നതിനും കാരണമായി. മാത്രമല്ല കനാലിന്റെ ആഴം കൂട്ടല്‍ എ-സി റോഡ് താഴേക്ക് ഇരുത്തുന്നതിനും കാരണമായി. മൂന്നുഘട്ടമായി പൂര്‍ത്തിയാക്കാന്‍ പരിപാടിയിട്ട പദ്ധതിയുടെ ഒന്നാംഘട്ടം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പദ്ധതി അട്ടിമറിച്ച് കോടികള്‍ പാഴാക്കാന്‍ കരാറുകാരുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വികരിക്കാന്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: