യുദ്ധം കഴിഞ്ഞു. എഴുതിപ്പൊലിപ്പിച്ച വാക്കുകളില്‍ ആശ്വാസം കണ്ടെത്താനായിരുന്നു വിശ്വപൗരന്റെ ഉദ്യമം. തല നിവര്‍ത്തിനില്‍ക്കാന്‍ പരിശ്രമിക്കുംതോറും മനസ്സില്‍ പരാജയം സൃഷ്ടിച്ച ശൂന്യത. സൗഹൃദത്തിനായി നീട്ടിയ കരങ്ങളിലായിരുന്നു വ്യാളീദംശനം. വിശ്വസാഹോദര്യത്തിന്റെ പഞ്ചശീലങ്ങള്‍ പറഞ്ഞ് മേനി നടിക്കുന്നതിനിടയില്‍ അതിര്‍ത്തിക്കോട്ടകളിലെ കടന്നുകയറ്റം അവഗണിക്കുകയായിരുന്നു. മുന്നറിയിപ്പുകള്‍ വകവെച്ചില്ല. ചൂണ്ടിക്കാണിച്ചവരെ യുദ്ധക്കൊതിയന്മാരെന്ന് വിളിച്ച് അധിക്ഷേപിക്കാനായിരുന്നു തിടുക്കം. ബോഡിപുരത്ത് നിന്ന് പലായനം ചെയ്യാനൊരുങ്ങിയ പടയെ പിടിച്ചുനിര്‍ത്തിയത് ഗോള്‍വല്‍ക്കറിന്റെ ആര്‍എസ്എസ് ആയിരുന്നു. ഒരിക്കല്‍ താന്‍ കാല്‍ച്ചുവട്ടിലിട്ട് പൊടിച്ചില്ലാതാക്കിക്കളയും എന്ന് അഹങ്കരിച്ച അതേ ആര്‍എസ്എസ്. സൈനികര്‍ക്കൊപ്പം അണിനിരന്നും ജനങ്ങളെ അണിനിരത്തിയും അവര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ കരുത്തിലാണ് ചൈനീസ് വ്യാളിയുടെ ഏകപക്ഷീയമായ പിന്മാറ്റം ഉണ്ടായത്……… തോറ്റുപോയ പടനായകനെപ്പോലെ തീന്‍മൂര്‍ത്തിഭവനിലെ പുല്‍ത്തകിടിയില്‍ ഒരൊഴിഞ്ഞ കോണില്‍ ആരോടും മിണ്ടാതെ പണ്ഡിറ്റ് നെഹ്റു ഇരുന്നു.
1962ലെ ചൈനീസ് ആക്രമണത്തെ രാജ്യം പ്രതിരോധിച്ചതിന് ശേഷം പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മാനസികാവസ്ഥയായിരുന്നു ഇത്. അതില്‍ നിന്നുരുത്തിരിഞ്ഞ വീണ്ടുവിചാരത്തിന്റെ പ്രതിഫലനമായിരുന്നു ആഴ്ചകള്‍ക്ക് ശേഷം നടന്ന 1963ലെ ഗണതന്ത്രദിനാഘോഷം.
ജനകീയപങ്കാളിത്തത്തോടെ നടന്ന ആ ബഹുജനമാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിനും ക്ഷണമുണ്ടായി. ചൈനയുമായുള്ള യുദ്ധവേളയില്‍ സൈനികര്ക്കൊപ്പംചേര്ന്ന് സംഘപ്രവര്‍ത്തകര്‍ നടത്തിയ അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ ലഭിച്ച അംഗീകാരമായിരുന്നു അത്. പരേഡിന് ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ദല്‍ഹിയിലെ ഝണ്ഡേവാലയിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ക്ഷണമെത്തുന്നത്. സംഘം അതിന്റെ നിത്യശാഖയുടെ പരിശീലനസംവിധാനത്തെപ്രയോജനപ്പെടുത്തി മിന്നല്‍വേഗത്തില്‍ സജ്ജരായി. പൂര്‍ണഗണവേഷധാരികളായ മൂവായിരം സ്വയംസേവകര്‍ ഭാരതസൈന്യത്തിന്റെ പിന്നണിയായി തല ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് ചെയ്തുനീങ്ങി. രാജ്യം ഒരേ വികാരത്തില്‍ ജ്വലിച്ചു. അയുതഹസ്തങ്ങളില് അയുതായുതം ശസ്ത്രങ്ങളുമായി സിംഹാരൂഢയായെത്തുന്ന ഭാരതാംബയെ ലോകം കണ്ടറിഞ്ഞു.
നാളെ രാഷ്ട്രം 66-ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോള്‍ ആ ജനകീയ മാര്‍ച്ചിന് വയസ് 53. ലോകം പ്രതീക്ഷയുടെ കണ്ണുമിഴിച്ച് ഭാരതത്തെ ഉറ്റുനോക്കുകയാണ്. തൊട്ടുകൂടായ്മയുടെ രാഷ്ട്രീയം സൃഷ്ടിച്ച വെറുപ്പിന്റെ ഇരുള്‍വഴികളില്‍ നിന്ന് സൗഹൃദത്തിന്റെ നറുചിരിയുമായി അരുണോദയം. ഭാരതത്തിന്റെ പുതു ഭരണകൂടം അതിന്റെ ആദ്യ ഗണതന്ത്രദിനാഘോഷത്തിനൊരുങ്ങുകയാണ്. 52 വര്‍ഷം മുമ്പ് ഒരു പ്രധാനമന്ത്രിയുടെ ക്ഷണമുണ്ടായതുകൊണ്ടാണ് സ്വയംസേവകര്‍ക്ക് സൈന്യത്തോട് ചേര്‍ന്ന് സഞ്ചലനം നടത്താന്‍ സാധിച്ചത്. എന്നാല്‍ ഇന്ന് ആ വിശാലമായ സൈന്യനിരയെ ഒരു സ്വയംസേവകന് തന്നെ അഭിവാദ്യം ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഉള്‍പ്പെടെ ബഹുരാഷ്ട്ര പ്രതിനിധികളെ സാക്ഷിനിര്‍ത്തിയാണ് ഭാരതം പരമാധികാര ജനാധിപത്യ ഗണതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അറുപത്തിആറാം വാര്‍ഷികം മോദി സര്‍ക്കാരും ജനങ്ങളും കൊണ്ടാടുന്നത്.
നെടിയ പോരാട്ടങ്ങളിലൂടെ, കൊടിയ യാതനകള്‍ സഹിച്ച് അനേകായിരങ്ങളുടെ ജീവന് ബലിയര്‍പ്പിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ് നിതാന്ത ജാഗ്രതയിലാണെന്ന് അറിയാതെ പോയ ഒരു ഭരണകൂടത്തിന്റെ പിഴവില്‍ നിന്നാണ് 62ലെ ചൈനീസ് ആക്രമണം സംഭവിച്ചത്. കമ്മ്യൂണിസ്റ്റ് ചൈനയുടെ രക്തത്തിലലിഞ്ഞുചേര്‍ന്ന അധിനിവേശത്വരയെക്കുറിച്ച് രാഷ്ട്രതന്ത്രജ്ഞര്‍ നല്കിയ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ടാണ് നെഹ്റു ‘ഹിന്ദി- ചീനി ഭായി ഭായി’ എന്ന മുദ്രാവാക്യവുമായി മുന്നോട്ടു നീങ്ങിയത്. 1962 ഒക്ടോബര്‍ 20നാണ് ചൈന ഭാരതത്തെ ആക്രമിച്ചുവെന്ന് നെഹ്റുവിന്റെ സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചത്. അതിന് നാല് ദിവസം മുമ്പ് ഒക്ടോബര്‍ 16ന് രാജസ്ഥാനിലെ ചിത്തോഡില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ഇക്കാര്യം വ്യക്തമാക്കി, ‘ചൈന ഭാരതത്തെ ആക്രമിക്കാന്‍ പോകുന്നുവെന്ന സ്പഷ്ടമായ വിവരം എന്റെ പക്കലുണ്ട്. എന്നാല്‍ നമ്മുടെ ദേശീയ നേതാക്കന്മാര് ഹിന്ദി – ചീനി ഭായി ഭായി മുദ്രാവാക്യം മുഴക്കുകയാണ്. ചെങ്കോട്ടയില്‍ ചൈനീസ് പ്രധാനമന്ത്രിയെ വരവേല്‍ക്കാനാണ് അവര്‍ക്ക് തിടുക്കം.’
രണ്ട് ദിവസം കഴിഞ്ഞ് അല്‍വാറിലും ഗുരുജി ഇത് ആവര്‍ത്തിച്ചു. എന്നാല്‍ രാജ്യത്തെ മാധ്യമങ്ങളും ബുദ്ധിജീവിപ്പടയും രാഷ്ട്രീയ നേതൃത്വവും ഇതിനെ യുദ്ധക്കൊതിയന്റെ ജല്പനമെന്നും ഉത്തരവാദിത്തബോധമില്ലാത്ത ഒരാളുടെ പ്രസ്താവനയെന്നും പറഞ്ഞ് പുച്ഛിക്കുകയായിരുന്നു. 20ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ അന്തരീക്ഷം മാറി. ജല്പനമല്ല, അത് സിദ്ധന്റെ പ്രവചനമായിരുന്നുവെന്ന് ചിലര്‍ വിലയിരുത്തി. എല്ലാവര്ക്കും അറിയേണ്ടത് ഗുരുജിക്ക് ഈ വിവരം എങ്ങനെ ലഭിച്ചു എന്നതായിരുന്നു. ‘രാഷ്ട്രീയത്തിന്റെയോ രാഷ്ട്രീയാധികാരത്തിന്റെയോ കണ്ണട ഉപയോഗിക്കാത്ത എതൊരാളുടെയും കാഴ്ചയില്‍ പതിയുന്നതാണ് ആ വിവരമെന്നായിരുന്നു ഗുരുജിയുടെ മറുപടി. കൈയേറ്റത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തിരിച്ചുചോദിച്ചു, ‘നിങ്ങള്‍ക്കൊക്കെ ചൈന നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത കിട്ടാന്‍ വൈകിയതിന്റെ കാരണം എനിക്കുമനസ്സിലാകുന്നില്ല. എനിക്ക് ആ വാര്‍ത്ത നാലഞ്ചു വര്‍ഷം മുമ്പേ ലഭിച്ചിരുന്നു. കൈലാസ് മാനസരോവര്യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീ മിരജ്കര്‍ കല്യാണ്‍ മാസികയിലെഴുതിയ ലേഖനത്തില്‍ യാത്രയ്ക്കിടെ ചൈനക്കാരുടെ കാവല്‍ത്താവളങ്ങള്‍ കണ്ടതായും അവര്‍ തീര്‍ത്ഥാടകരുടെ ഭാണ്ഡമഴിച്ച് പരിശോധിക്കുന്നതായും രേഖപ്പെടുത്തിയിരുന്നു.’
മറ്റൊരു പ്രവചനം കൂടി ഗുരുജി അന്ന് നടത്തി. ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനോട് സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു അത്, ‘തീര്‍ച്ചയായും, അത് സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘം മാത്രമല്ല, എല്ലാ കക്ഷികളും സഹകരിക്കും. എന്നാല്‍ ഒരു കക്ഷിമാത്രം എതിര്‍ക്കും- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.’
അടുത്ത വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും രാജ്യദ്രോഹക്കുറ്റത്തിന് അഴികള്‍ക്കുള്ളിലായിരുന്നു. ചൈനയുടെ കൊടുംചതി അവര്‍ക്ക് വെറും തര്‍ക്കം മാത്രമായിരുന്നു. ചൈന ചൈനയുടേതെന്നും ഭാരതം ഭാരതത്തിന്റേതെന്നും അവകാശപ്പെടുന്ന ഭൂമിക്കുവേണ്ടിയുള്ള വെറും തര്‍ക്കം.
രാജ്യം റിപ്പബ്ലിക്കായതിന്റെ അറുപത്തിആറാം പിറന്നാള്‍ കൊണ്ടാടുമ്പോള്‍ എവിടെയും മുഴങ്ങുന്നത് നവോന്മേഷത്തിന്റെ അലയൊലികളാണ്. പിഴവില്ലാത്ത ജാഗ്രതയുടെ ആള്‍രൂപങ്ങളായി അതിര്‍ത്തികാവല്‍ക്കാര്‍ മാത്രമല്ല ഭരണസംവിധാനവും മാറിയിരിക്കുന്നു. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നിടങ്ങളിലൊക്കെയും ആ മാറ്റത്തന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. അധിനിവേശശക്തികള്‍ അതിര്‍ത്തികടക്കാന്‍ മടിക്കുംവിധം ശക്തമാണ് ഇപ്പോള്‍ നയതന്ത്ര ഇടപെടലുകള്‍. രാജ്യത്തിനുനേരെ അക്രമമഴിച്ചുവിട്ട വിധ്വംസക ശക്തികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ലോകത്തെവിടെയും ഇനി അനുവാദമില്ല. ദാവൂദ് ഇബ്രാഹിമിന്റെ സുരക്ഷിതതാവളം കണ്ടെത്തപ്പെടുന്നതും കൊടും ഭീകരന് സഖിലുര് റഹ്മാന് ലഖ്വിയെ ഭാരതത്തിന് വിട്ടുകൊടുക്കണമെന്നുള്ളഅമേരിക്കയുടെയും ബ്രിട്ടന്റെയും നിര്‍ദ്ദേശവും ഒറ്റപ്പെട്ടവയല്ല. തിബറ്റിനെ കൈപ്പിടിയിലാക്കിയ ചൈന ശ്രീലങ്കയിലെ രാജപക്ഷെയുമായി കൈകൊടുക്കുന്നതിന്റെ ദുരുദ്ദേശ്യം ഭാരതം തിരിച്ചറിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് പണയം വെക്കാനുള്ളതല്ല രാഷ്ട്രത്തിന്റെ പരമാധികാരമെന്ന ഭരണകൂടത്തിന്റെ ഉറച്ച നിലപാടാണ്.
ദല്‍ഹിയിലെ കുടുംബക്കല്ലറകളിലുറങ്ങുന്നവര് മാത്രമല്ല രാഷ്ട്രനായകരെന്ന സന്ദേശം എന്നത്തെയും തലമുറയ്ക്ക് പകരാനുള്ള ഉദ്യമത്തിനാണ് ഭഗവദ്ഗീതയെ കര്മ്മപാഠമാക്കിയ നരേന്ദ്ര മോദി ഈ ഗണതന്ത്രദിനത്തില് ഒരുങ്ങുന്നത്. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറം സാംസ്കാരിക ഏകതയുടെ കൊടി ഉയര്‍ത്തുകയാണ് സിന്ധുവിന്റെ നാട്ടുകാര്‍. ഇത് ലോകം നെടുനാളായി കണ്‍പാര്‍ത്തിരുന്ന ഉദയമാണ്.
‘അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന് പ്രതീക്ഷ കൊള്ളുന്നു’
പ്രതികരിക്കാൻ ഇവിടെ എഴുതുക: