സ്കൂള്‍ മുറ്റത്ത് ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം മുടങ്ങാതെയുള്ള അസംബ്ലി. കുട്ടികളില്‍ അച്ചടക്കവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ അത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത് ആരാണെങ്കിലും അവരെ മനസുകൊണ്ട് നമിക്കാതെ വയ്യ. അതിനൊരു ചിട്ടയുണ്ട്, ഈശ്വരപ്രാര്‍ത്ഥനയിലൂടെ, ദേശീയ പ്രതിജ്ഞയിലൂടെ, ദേശീയ ഗാനത്തിലൂടെ കടന്നുപോകുന്ന ഒരു ചിട്ട. ഭാരതം സ്വതന്ത്ര്യയായശേഷം ഇന്നുവരെ അതുതുടര്‍ന്നുപോകുന്നു.
കള്ളമില്ലാത്ത പിഞ്ചുമനസ്സുകളിലേക്ക് പ്രാര്‍ത്ഥനയുടെ വിശുദ്ധിക്കൊപ്പം ദേശസ്നേഹത്തിന്റെ ആദ്യക്ഷരങ്ങളും പകര്‍ന്നുകൊടുക്കുന്ന സ്കൂള്‍ അങ്കണത്തിലെ ആ ഒത്തുചേരല്‍. ദേശസ്നേഹത്തിന്റെ വിത്തുപാകുന്ന പ്രതിജ്ഞ, എത്രയോവട്ടം വലംകൈ മുന്നോട്ടുനീട്ടി തെല്ലുറക്കെ ചൊല്ലിയിട്ടുണ്ട്. ഓര്‍ത്തെടുക്കാന്‍ പ്രയാസം. ”ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..” എന്ന് ചെല്ലിത്തരുന്നത് ഏറ്റുചൊല്ലുന്നതിനിടയില്‍ അടുത്തു നില്ക്കുന്ന ആ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ നോക്കി ഒരു ചെറുപുഞ്ചിരിയും വിടര്‍ന്നിട്ടുണ്ടാവാം. അന്നൊക്കെ ഒരിക്കലെങ്കിലും മഹത്തായ, ആശയഗംഭീരമായ ആ വരികള്‍ എഴുതിയതാരെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവുകയുമില്ല. പാഠപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന പ്രതിജ്ഞാഭാഗത്തിന് താഴെയും അതിന്റെ സ്രഷ്ടാവിന്റെ പേര് കണ്ടിട്ടുണ്ടാവില്ല. ആരുടെ മനസ്സിലാണ് ഭാരതത്തിന്റെ അഖണ്ഡതയും ഐശ്വര്യവും സാഹോദര്യവും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അക്ഷര നാമ്പുകള്‍ മൊട്ടിട്ടതെന്ന് അറിഞ്ഞില്ലെങ്കില്‍ അതൊരു അനാദരവാണ്. പൈദിമാരി വെങ്കട്ട സുബ്ബറാവുവെന്ന തെലുങ്ക് സാഹിത്യകാരനാണ് നമ്മുടെ ദേശീയ പ്രതിജ്ഞയുടെ ഉപജ്ഞാതാവ്. അദ്ദേഹം അത് രചിക്കാനിടയായ സാഹചര്യം എന്തെന്നുകൂടി അറിയണം. 1962 ല്‍ ഭാരത-ചൈന യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഭാരതീയരെ ഒന്നടങ്കം ദേശീയതയുടെ കുടക്കീഴില് നിര്‍ത്തി അവരുടെ മനസ്സും ശരീരവും ഏകാഗ്രമാക്കണമെന്ന് ചിന്തിച്ച സുബ്ബറാവുവിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ഇന്നത്തെ ദേശീയ പ്രതിജ്ഞ.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലാ ട്രഷറി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് ഇതിന്റെ രചന. തെലുങ്കില്‍ നിരവധി രചനകള്‍ നടത്തിയിട്ടുള്ള സുബ്ബറാവു തികഞ്ഞ ഭാഷാസ്നേഹിയും നാച്ചുറോപ്പതി ഡോക്ടറുമായിരുന്നു. തന്റെ രചന ഒരു സുഹൃത്തിന് വായിക്കാന്‍ കൊടുക്കുന്ന ലാഘവത്തോടെ, അന്നത്തെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിക്കുകയും അത് അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി. വി. ജി. രാജുവിന് കൈമാറുകയുമായിരുന്നു. പിന്നെ ആ സംഭവം തന്നെ പൈദിമാരി മറന്നു.
ഭാരതീയരുടെ ഹൃദയത്തില്‍ ദേശസ്നേഹത്തിന്റെ അലകള്‍ തീര്‍ക്കാന്‍ പൈദിമാരിയുടെ വാക്കുകള്‍ക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ പി. വി. ജി. രാജു ജില്ലയിലെ എല്ലാ സ്കൂളുകളിലും ഈ പ്രതിജ്ഞ ചൊല്ലണമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 1963 ല്‍ വിശാഖപട്ടണത്തിലെ ഒരു സ്കൂളിലാണ് ഈ പ്രതിജ്ഞ ആദ്യമായി വായിക്കുന്നത്. 1964 ല്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതി യോഗത്തില്‍ ചെയര്മാന് എം. സി. ഛഗ്ലയാണ് രാജ്യത്തെ എല്ലാ സ്കൂളുകളിലും ഈ പ്രതിജ്ഞ എല്ലാ ദിവസവും ചൊല്ലണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. 1965 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ രചന ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെടുന്നത്.
ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്. ഒരു രാജ്യം മുഴുവന്‍ താന്‍ കുറിച്ചിട്ട വരികള്‍ ഏറ്റുചൊല്ലുന്നത് എഴുത്തുകാരന് അറിയാന്‍ ഏറെ വൈകി എന്നതാണ് മറ്റൊരു രസകരമായ വസ്തുത. സുബ്ബറാവുവിന്റെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ പോലും ആ രചനയുടെ സ്രഷ്ടാവ് അജ്ഞാതനായിരുന്നു എന്നുവേണം പറയാന്‍. അദ്ദേഹം മരിച്ചുകഴിഞ്ഞ ശേഷമാണ് മകന് പി. സുബ്രഹ്മണ്യവും അച്ഛന്റെ മഹത്വം മനസ്സിലാക്കുന്നത്. ഒരിക്കല്‍ തന്റെ കൊച്ചുമകള്‍ പാഠപുസ്തകത്തില്‍ നോക്കി പ്രതിജ്ഞ ഉറക്കെ വായിക്കുന്നത് കേട്ടപ്പോഴാണ് ഇത് താന്‍ പണ്ട് കുറിച്ചിട്ട വരികളാണല്ലോ എന്ന് സുബ്ബറാവു ഓര്‍ക്കുന്നതുപോലും. രാജ്യത്തിലെ ഓരോ കുട്ടിയും ആത്മാഭിമാനത്തോടെ താന്‍ രചിച്ച വരികള്‍ ഉരുവിടുന്നതിലെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം അദ്ദേഹം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് തുടര്‍ന്നങ്ങോട്ട് ജീവിച്ചതും ആരാലും അറിയപ്പെടാതെ തന്നെ.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രമായി ആ പേര് ഒതുങ്ങിപ്പോയതിന്റെ കാരണം ഇന്നും അജ്ഞാതം. ദേശീയ ഗാനത്തിന്റെ രചയിതാവ് രവീന്ദ്രനാഥ ടാഗോറിനും ദേശിയഗീതമെഴുതിയ ബങ്കിം ചന്ദ്രചാറ്റര്‍ജിക്കും ജനഹൃദയത്തില്‍ ലഭിച്ച അംഗീകാരവുമായി തുലനം ചെയ്തുനോക്കുമ്പോഴാണ് സുബ്ബറാവുവിന് അര്‍ഹിക്കുന്ന അംഗീകാരംപോലും കിട്ടിയില്ലെന്ന് മനസ്സിലാകുന്നത്. 1988 ലാണ് ഇദ്ദേഹം അന്തരിച്ചത്.
ഭാരതീയരെ ഒന്നാകെ ദേശത്തിനുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരണ നല്കിയ പ്രതിജ്ഞയ്ക്ക് ദേശീയ സ്വഭാവം കൈവന്നിട്ട് നാളെ 50 വര്‍ഷം പൂര്‍ത്തിയാകും. ആദ്യം തെലുങ്കില്‍ എഴുതപ്പെട്ട ദേശീയ പ്രതിജ്ഞ പിന്നീട് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, മലയാളം, തമിഴ്, കന്നട, മറ്റ് പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടും ഈ പ്രതിജ്ഞയുടെ രചയിതാവിനെ ആരും അന്വേഷിച്ചില്ല എന്നതാണ് ഏറെ കൗതുകം. അതുമല്ലെങ്കില്‍ ആ വരികളിലൊളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദേശീയതയുടെ ആഴം തിരിച്ചറിയാന്‍ അന്നത്തെ രാഷ്ട്രീയവൃന്ദങ്ങള്‍ക്ക് കഴിയാതെപോയതുമാവാം. അതില്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ദേശത്തേക്കാള്‍ വലുതാണ് രാഷ്ട്രീയമെന്നും സ്ഥാനമാനങ്ങളെന്നും കരുതുന്നവര്‍ പ്രതിജ്ഞ ചൊല്ലുന്നതും അധരവ്യായാമമെന്ന നിലയിലായിരിക്കും. സ്കൂള്‍ അങ്കണത്തില്‍ നിന്ന് ആ പ്രതിജ്ഞ നാളുകള്‍ക്കുമുന്നേ ചൊല്ലിയവരും ഭാവിതലമുറയും പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ അറിയാന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ അക്ഷരങ്ങളിലെ അഗ്നിയെ ഉള്ളില്‍ വഹിച്ച് ഭാരതാംബയ്ക്കുവേണ്ടി ദേശീയതയുടെ കൊടിക്കീഴിലവര്‍ അണിചേരുമെന്നും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: