കൊല്ലം: പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എം.എ ബേബിയുടെ തോല്‍വിക്ക് കാരണമായത് സംഘടനാ ദൗര്‍ബല്യമെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ.രാജഗോപാല്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മൂവായിരം പേരെ മാത്രമാണ് പാര്ട്ടിയഗംങ്ങളാക്കാന് സാധിച്ചത്.
ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ചില അവശിഷ്ടങ്ങള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. കൊട്ടാരക്കരയിലേതുപോലുള്ള നേരിയ പ്രശ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ ചേരിതിരിവ് ഉണ്ടായില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. അഖിലേന്ത്യാ പാര്‍ട്ടിയായ ആര്‍എസ്പി മുന്നണിമാറുമെന്നു കരുതിയില്ല.
അഖിലേന്ത്യാ പാര്‍ട്ടിയായതിനാല്‍ ദേശീയ നേതൃത്വം സി.പി.എം നേതൃത്വവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ യു.ഡി.എഫിലെ സംഭവവികാസങ്ങളില്‍ ആര്.എസ്.പി അണികള്‍ നിരാശരാണ്. മൂന്നു ടേണ്‍ പൂര്‍ത്തിയായതിനാല്‍ ഇത്തവണ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയുമെന്നും രാജഗോപാല്‍ പറഞ്ഞു.
ജില്ലാസമ്മേളന വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്ന് കെ.വരദരാജന് പറഞ്ഞു. സിപിഎമ്മിന്റെ ത്രിദിന ജില്ലാസമ്മേളനത്തിനു 26ന് ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട 378 പ്രതിനിധികളും 42 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് സമ്മേളനത്തിനെത്തുക. ജില്ലയില്‍ 39,166 മെമ്പര്‍ഷിപ്പും 2722 ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികള്‍ 140 ഉം ഉണ്ടെന്നു സമ്മേളന പരിപാടി വിശദീകരിച്ചു ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജന്,എക്സ്.ഏണസ്റ്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ആശ്രാമം മൈതാനത്തെ പൊതുസമ്മേളന നഗറില്‍ 25ന് വൈകിട്ട് ആറിനു കേന്ദ്രകമ്മിറ്റിയംഗം പി.കെ ഗുരുദാസന് പതാക ഉയര്‍ത്തും. 26നു രാവിലെ 9.30ന് സമ്മേളന നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം എം.കെ.ഭാസ്ക്കരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്,എം.എ ബേബി,സി.സി അംഗങ്ങളായ വി.എസ് അച്യൂതാനന്ദന്,വൈക്കം വിശ്വന്, പി.കെ ഗുരുദാസന്, തോമസ് ഐസക്ക്, പി.കെ ശ്രീമതി തുടങ്ങിയവര്‍ പങ്കെടുക്കും. 28ന് പുതിയ ജില്ലാ കമ്മിറ്റിയെും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: