തെരുവ് നായ്ക്കള്‍ക്കും പൂച്ച, പരുന്ത് തുടങ്ങിയ മിണ്ടാപ്രാണികള്‍ക്കും കൂടൊരുക്കുകയാണ് സാറാമ്മ. രോഗം ബാധിച്ച് തെരുവിലലയുന്ന നായ്ക്കളെ ഓമനിച്ച് പരിചരിക്കുന്ന സാറാമ്മയ്ക്ക് ഇവ പൊന്നോമനകളാണ്. പേയാട് ബിപി നഗര്‍ ഷൈനി നിവാസില്‍ സാറാമ്മ(50) ജീവിക്കുന്നതു തന്നെ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നതിനാണ്.
മുപ്പതുവര്‍ഷം മുമ്പാണ് റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന, ദേഹമാസകലം വ്രണം ബാധിച്ച ഒരു തെരുവ് പട്ടിയെ സാറാമ്മ വീട്ടിലേക്ക് കൊണ്ടുവന്നത്. ചികിത്സയും ഭക്ഷണവും ഒപ്പം സ്നേഹവും നല്കി സാറാമ്മ ആ നായ്ക്കുട്ടിയെ പരിചരിച്ചു. അസുഖം ഭേദമായ നായ സാറാമ്മയുടെ വളര്‍ത്തുനായയായി. പിന്നീടങ്ങോട്ട് വഴിയരികില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടാല്‍ സാറാമ്മ അവയെ ഒപ്പം കൂട്ടുവാന്‍ തുടങ്ങി. ഇന്ന് വീടിനുചുറ്റും മരക്കമ്പും ഓലയും കൊണ്ടുതീര്‍ത്ത മുപ്പതോളം കൂടുകളിലായി നൂറോളം ചെറുതും വലുതുമായ തെരുവുനായ്ക്കളെ സ്വന്തം മക്കളെയെന്നോണം ഓമനിച്ചു വളര്‍ത്തുകയാണ് ഈ വീട്ടമ്മ. പട്ടികള്‍ക്കു പുറമെ നാട്ടുകാര്‍ ഉപേക്ഷിക്കുന്ന പൂച്ചകള്‍, പരുന്തുകള്‍, ലൗബേര്‍ഡ്സുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങള്‍ക്ക് സാറാമ്മ സംരക്ഷകയാണ്.
കുട്ടിക്കാലത്ത് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ പൊതു ചന്തയ്ക്കുള്ളില്‍ മാംസത്തിനായി കാളയെ വെട്ടുന്നത് കണ്ടതാണ് സാറാമ്മയെ ജന്തുസ്നേഹിയാക്കി മാറ്റിയത്. ഇറച്ചിവെട്ടുകാരന്റെ കൈകളില്‍ കിടന്നു പിടയുന്ന ആ കാളയുടെ രോദനം ദിവസങ്ങളോളം സാറാമ്മയുടെ ഉറക്കം കെടുത്തി. മത്സ്യ മാംസാഹാരങ്ങള്‍ അന്നു മുതല്‍ ഉപേക്ഷിച്ച സാറാമ്മ ആര്‍ക്കും വേണ്ടാത്ത ജന്തുക്കളെ സ്നേഹിച്ചുതുടങ്ങി. പൂച്ചയോടും, പട്ടിയോടും, പക്ഷികളോടും കിന്നാരം പറഞ്ഞ് അവയെ കളിക്കൂട്ടുകാരാക്കി. തനിക്കു കിട്ടുന്ന ഭക്ഷണം അവയ്ക്കും പകുത്തു നല്കി. മിണ്ടാപ്രാണികളെ സംരക്ഷിക്കാന്‍ ആ മനസ്സ് പാകപ്പെടുത്തിയെടുത്തു. വിവാഹശേഷം സാറാമ്മയുടെ ജന്തുസ്നേഹത്തിന് ഭര്‍ത്താവ് ഫെര്‍ണാണ്ടസ്സും പൂര്‍ണ്ണപിന്തുണ നല്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫെര്‍ണാണ്ടസ് ഇരുപത് വര്‍ഷം മുമ്പ് മരിക്കുന്നതുവരെ സാറാമ്മയുടെ മൃഗപരിപാലനത്തിന് ഒപ്പം നിന്നു.
‘ആക്ഷന്‍ ഫോര്‍ ഡിസ്ട്രസ്ഡ് ആനിമല്‍സ്’ എന്ന പേരില്‍ 2001 ല്‍ സാറാമ്മ ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നതും രോഗം മൂലം നരകിക്കുന്നതുമായ പക്ഷിമൃഗാദികളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത ഏക മകള്‍ ഷൈനിയാണ് ഇപ്പോള്‍ സാറാമ്മയെ പക്ഷിമൃഗാദികളുടെ പരിചരണത്തിന് സഹായിക്കുന്നത്. സ്വകാര്യ കമ്പനിയില്‍ മകള്‍ ജോലി ചെയ്ത് കിട്ടുന്ന ശമ്പളവും, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു കിട്ടുന്ന പെന്‍ഷനുമാണ് ഈ ജന്തുക്കളെ ഊട്ടിയുറക്കാനുള്ള ഏക വരുമാനമെന്ന് സാറാമ്മ പറയുന്നു. ദിവസേന ഇവയ്ക്ക് ഭക്ഷണത്തിനുമാത്രം 2000 രൂപ ചിലവു വരുമെന്ന് ഇവര്‍ പറയുന്നു.
കഷ്ടതകള്‍ക്കിടയിലും തന്റെ പൊന്നോമനകള്‍ക്ക് ഒരു കുറവും വരാന്‍ സാറാമ്മ അനുവദിക്കാറില്ല. ഉണ്ടായിരുന്ന വസ്തുവകകള്‍ വിറ്റഴിച്ച് മിണ്ടാപ്രാണികളെ അന്നമൂട്ടിയ സാറാമ്മ ബന്ധുവിന്റെ വസ്തുവില്‍ കെട്ടിയുണ്ടാക്കിയ ഒറ്റമുറി കുടിലിലാണ് ഇപ്പോള്‍ കഴിയുന്നത്; ഒപ്പം തന്റെ അരുമകളായ തെരുവിന്റെ സന്തതികളും. ഇവിടെ നായ്ക്കള്‍ പെറ്റുപെരുകാറില്ലെന്നും പേപിടിച്ച് അലയാറില്ലെന്നും സാറാമ്മ പറയുന്നു. മനുഷ്യന്റെ ക്രൂരതകളും നിഷേധിക്കപ്പെടുന്ന വാത്സല്യങ്ങളുമാണ് നായ്ക്കളെ ഭ്രാന്തരാക്കുന്നതെന്നാണ് സാറാമ്മയുടെ ഭാഷ്യം. വന്ധ്യംകരണം നടത്തി നായ്ക്കളെ തെരുവിലുപേക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടും സാറാമ്മയ്ക്ക് അമര്‍ഷമാണ്. വന്ധ്യംകരിച്ച നായ്ക്കളെ തനിക്കു തന്നാല്‍ ഈ ഇല്ലായ്മകള്‍ക്കിടയിലും അവറ്റകളെ വളര്‍ത്താന്‍ ഒരുക്കമാണെന്ന് സാറാമ്മ പറയുന്നു.
രോഗം വരുന്ന നായ്ക്കളെ പലരും ഇപ്പോള്‍ ഉപേക്ഷിക്കുന്നത് സാറാമ്മയുടെ വീട്ടുമുറ്റത്താണ്. തെരുവ് നായ്ക്കള്‍ക്കു സാറാമ്മ അമ്മത്തൊട്ടിലൊരുക്കിയിരിക്കുന്നുവെന്നാണ് പൊതുസംസാരം. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. വളര്‍ത്താനാകാത്ത ആര്‍ക്കും മിണ്ടാപ്രാണികളെ സാറാമ്മയ്ക്കരികിലെത്തിക്കാം.
സാറാമ്മയുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് മത്സ്യവും മാംസവും നല്‍കാറില്ല. പൂര്‍ണ്ണമായും സസ്യവിഭവങ്ങളാണ് നല്‍കുന്നത്. മത്സ്യവും മാംസവും നല്കിയാല് മൃഗങ്ങള്‍ക്ക് ഭ്രാന്തന് സ്വഭാവമുണ്ടാകുമെന്നാണ് ഈ ജന്തുസ്നേഹി പറയുന്നത്. ചക്കി, ലുട്ടാപ്പി, കുഞ്ഞാറ്റ തുടങ്ങി ഓരോരുത്തര്‍ക്കും ഓമനത്തമുള്ള വിളിപ്പേരുകളും സാറാമ്മ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. സാറാമ്മയുടെ സ്നേഹം തുളുമ്പുന്ന വിളികേട്ടാല് നൂറ്റി അന്പതില്പരം വരുന്ന ജീവജാലങ്ങള്‍ അവര്‍ക്കരികിലേക്ക് ഓടിയെത്തും. നാട്ടുകാര്‍ക്ക് നായ്ക്കളുടെ കുര അസ്വസ്ഥത ഉളവാക്കാറുണ്ടെങ്കിലും സാറാമ്മയുടെ സേവനത്തെ കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ക്കാവുന്നില്ല. സ്വന്തം വളര്‍ത്തു മൃഗങ്ങളെ നന്നായി പരിപാലിക്കാന്‍ മടിക്കുന്ന സമൂഹത്തിന് സാറാമ്മ മാതൃകയാണെന്ന് നാട്ടുകാരും പറയുന്നു.
അടച്ചുപൂട്ടുള്ള കൂടുകളൊരുക്കി മുടക്കമില്ലാതെ ഭക്ഷണം നല്‍കാനുള്ള വഴിയുണ്ടാകണമെന്നതാണ് സാറാമ്മയുടെ പ്രാര്‍ത്ഥന. ജന്തുസ്നേഹികളെന്ന് വാതോരാതെ പ്രസംഗിക്കുന്നവര്‍ ജന്തുക്കളുടെ സംരക്ഷണത്തിന് ഒന്നും നല്‍കാറില്ലെന്ന് ഇവര്‍ പറയുന്നു. മനുഷ്യന് കശാപ്പിനായി കൊണ്ടുപോകുന്ന മൃഗങ്ങളെ പണം നല്കി വാങ്ങി വളര്‍ത്തണമെന്നത് സാറാമ്മയുടെ വലിയ ആഗ്രഹമാണ്. പണമില്ലാത്തതാണ് അതിനു തടസ്സമാകുന്നത്. ഇടയ്ക്ക് ഇറച്ചിവെട്ടുകാര്‍ വാങ്ങിക്കൊണ്ടുപോയ ആടുകളെ വാങ്ങി സാറാമ്മ സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ചേര്‍ത്തു. തമ്മില്‍ കണ്ടാല്‍ കടിപിടി കൂടുന്ന പൂച്ചയും പട്ടിയുമൊക്കെ സാറാമ്മയ്ക്കരികിലെത്തുമ്പോള് സൗഹൃദം പങ്കിട്ട് ഒരു കൂരയ്ക്കു കീഴില്‍ കഴിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
രാത്രിയെയാണ് സാറാമ്മയ്ക്ക് ഭയം.അടച്ചുപൂട്ടില്ലാത്ത ഒറ്റമുറിക്കുടിലില്‍ വെട്ടവും വെളിച്ചവുമില്ലാതെയാണ് സാറാമ്മയും മകളും കഴിയുന്നത്. പഞ്ചായത്തോ സര്‍ക്കാരോ ഒരു സഹായവും നല്‍കാറില്ലെന്ന് ഇവര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ജന്തുസംരക്ഷണത്തിന് വര്‍ഷംതോറും അനുവദിക്കുന്ന കോടികള്‍ സംസ്ഥാന സര്‍ക്കാര്‍ അനര്‍ഹര്‍ക്കു നല്‍കുകയാണെന്നും സാറാമ്മ കുറ്റപ്പെടുത്തുന്നു.
ഭൂമിയിലെ അവകാശികളാണ് ഓരോ പക്ഷിമൃഗാദികളുമെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്തകള്‍ നൂറുശതമാനം ശരിയാണെന്ന് സാറാമ്മ പറയുന്നു. ആരും നോക്കാനറയ്ക്കുന്ന, തെരുവിന്റെ ശാപമെന്ന് പൊതുസമൂഹം പറയുന്ന പട്ടികള്‍ക്കും പൂച്ചകള്‍ക്കും ആലയമൊരുക്കി യഥാര്‍ത്ഥ ഈശ്വരപൂജ നടത്തുകയാണ് ഇവിടെ. വേദനകള്‍ പറയാനാവാത്ത പ്രാണികള്‍ക്ക് പോറ്റമ്മയാവുകയാണ് ഈ വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: