കാസര്‍കോട്: കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് മധൂര്‍ പഞ്ചായത്ത് കൃഷിഭവന് പരിധിയില്‍ കാര്‍ഷിക കര്‍മ്മസേന പരിശീലനം ആരംഭിച്ചു. കാസര്‍കോട് ബ്ലോക്കിലെ ആദ്യകര്മ്മസേന എന്ന പദവി ഇനി മധൂര്‍ കാര്‍ഷിക കര്‍മ്മസേനയ്ക്ക് സ്വന്തം. പരിശീലനം ആരംഭിച്ച ജില്ലയിലെ ആദ്യപഞ്ചായത്ത് എന്ന പദവി മധൂര്‍ പഞ്ചായത്തിനും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും കുടപ്പനക്കുന്ന് കാര്ഷികര്മ്മസേനയുമാണ് മധൂര്‍ കാര്‍ഷിക കര്‍മ്മസേനയ്ക്ക് പരിശീലനം നല്‍കുന്നത്.കര്മ്മസേയുടെ പരിശീലനം മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഞ്ജാനി ഷാന്‍ബോഗ് ഉദ്ഘാടനം ചെയ്തു.
കര്‍മ്മസേനയില്‍ അഗ്രികര്‍ച്ചറല്‍ ടെക്നീഷ്യന്മാരാകാന് 11 യുവാക്കളും ഒരു യുവതിയുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി വിവിധ കാര്‍ഷിക പ്രവൃത്തികള്‍ ശാസ്ത്രീയമായ കാഴ്ചപ്പാടില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാമെന്നും യന്ത്രവത്ക്കരണം വഴി കൃഷി സൗകര്യപ്രദമാക്കാനുളള പാഠങ്ങളും പഠിതാക്കള്‍ക്ക് പകര്‍ന്ന് നല്‍കും.
കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം, റിപ്പയര്‍, മെയിന്റനന്‍സ് എന്നിവയും അഗ്രിക്കള്‍ച്ചര്‍ ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുന്നു. 14 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ കൃഷിയിടം ലേ ഔട്ട് ചെയ്യുന്നതിനും രണ്ടാംവിള നെല്‍കൃഷി കൊയ്യുന്നതിനും തെങ്ങ് കയറുന്നതിനും കാട് വെട്ടുന്നതിനും മരുന്നു തളിക്കുന്നതിനും യന്ത്രോപയോഗത്തിനും കര്‍മ്മസേനയെ പ്രാപ്തമാക്കും.
കൂടാതെ നെല്‍കൃഷി, പച്ചക്കറികൃഷി തുടങ്ങിയവ ചെയ്യുന്നതിനും ജൈവവളം, കീടനാശിനി തുടങ്ങിയവ തയ്യാറാക്കുന്നതിനും ട്രാക്ടര്‍, ടില്ലര്‍ ഉപയോഗിക്കുന്നതിനും പരിശീലനം നല്‍കും. ഫെബ്രുവരി അഞ്ചിന് പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍മ്മസേന മധൂരിലെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് മധൂര്‍ കൃഷി ഓഫീസര്‍ അനിത.കെ മേനോന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: