കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ സിപി.എം പ്രവര്‍ത്തകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടു. എബിവിപി പ്രവര്‍ത്തകരായ മടിക്കൈ അമ്പലത്തുകര ഗവണ്മന്റ് ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥി ജനകരാജ്, പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി എ.അഭിലാഷ് എന്നിവര്‍ക്കെതിരെ രാവിലെ പത്തരമണിയോടെയാണ് നൂറോളം വരുന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായ അക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയും ജനകരാജിനു നേരെ അക്രമം നടന്നിരുന്നു. വിദ്യാലയത്തില്‍ ഇന്നലെ രാവിലെ നടക്കാനിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്തിനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
വിദ്യാലയത്തിനു ചുറ്റും വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ച അക്രമികള്‍ കരിങ്കല്ലു കൊണ്ട് എബിവിപിപ്രവര്‍ത്തകരെ എറിഞ്ഞതോടെ സംഘര്‍ഷം വ്യാപിക്കുകയുംപോലീസ് ലാത്തി വീശുകയും ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബിഎംഎസ് ഓട്ടോ തൊഴിലാളി ഏച്ചിക്കാനം സ്വദേശി പി.കുമാരനെതിരെയും ആക്രമണമുണ്ടായി. അക്രമത്തില്‍ പരുക്കേറ്റ വൈശാഖ് കേളോത്ത്, ജനകരാജ്, എ.അഭിലാഷ്, പി.കുമാരന് എന്നിവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍വിഭാഗ് കാര്യകാരി സദസ്യന്‍ ടി.വി.ഭാസ്കരന്, കാഞ്ഞങ്ങാട് ജില്ലാസഹകാര്യവാഹക് കെ.ശ്രീജിത്ത്, ജില്ലാശാരീരിക് പ്രമുഖ് ടി.കെ.സനല്‍, ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന് ഏച്ചിക്കാനം, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗോവിന്ദന് മടിക്കൈ, ബിഎംഎസ് നേതാക്കളായ ബാബു, ഭരതന്, എബിവിപി വിഭാഗ് ജോയിന്റ് കണ്‍വീനര്‍ എം.രഞ്ജിത്ത്, ജില്ലാ ജോയിന്റ് കണ്‍വീനര്‍ സനല്‍ പൊടവടുക്കം, ദിപിന് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ വിവിധ കലാലയങ്ങളില്‍ എബിവിപിയുടെ വളര്‍ച്ചയില്‍ ഭീതിപൂണ്ടാണ് എസ്എഫ്ഐ അക്രമം അഴിച്ചുവിടുന്നതെന്ന് വൈശാഖ് കേളോത്ത് ആരോപിച്ചു. ജില്ലയില്‍ മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലൂള്ളത്. കഴിഞ്ഞയാഴ്ച്ച മടിയന്‍ കൂലോം പാട്ടുത്സവത്തിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ വധിക്കാനും സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: