കരുനാഗപ്പള്ളി: തീരദേശജനതയ്ക്ക് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും പകര്‍ന്ന് കേന്ദ്രമന്ത്രി സ്വാധ്വി നിരഞ്ജന് ജ്യോതിയുടെ സന്ദര്‍ശനം.
സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ തിങ്ങിനില്ക്കുന്ന അഴീക്കല്‍ മേഖലയ്ക്ക് സാന്ത്വനമാവുകയായിരുന്നു കേന്ദ്രമന്ത്രിയുടെ വരവ്. സുനാമി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വള്ളിക്കാവ് ആശ്രമവും സന്ദര്‍ശിച്ച് മൈനിങ് മേഖലയും അഴീക്കല്‍ പോര്‍ട്ടും കണ്ട് മത്സ്യത്തൊഴിലാളി ജനതയുടെ ഹൃദയം തൊട്ടറിഞ്ഞാണ് സ്വാധ്വി നിരഞ്ജന് ജ്യോതി ഇന്നലെ മടങ്ങിയത്.
മൂക്കുംപുഴ ദേവിക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തില്‍ പങ്കുകൊള്ളാനാണ് കേന്ദ്രമന്ത്രി എത്തിയത്. സ്വാധ്വി നിരഞ്ജന് ജ്യോതിക്ക് മൂക്കുംപുഴ ക്ഷേത്രകമ്മിറ്റിയും ഭക്തജനങ്ങളും ആലപ്പാട് പൗരാവലിയും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും മുത്തുക്കുടയുടെയും അകമ്പടിയോടുകൂടി ക്ഷേത്രനടയില്‍ വച്ച് ക്ഷേത്രംതന്ത്രി സുകുമാരന്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
ക്ഷേത്രദര്‍ശനം കഴിഞ്ഞാണ് മന്ത്രി യോഗത്തിനായി എത്തിച്ചേര്‍ന്നത്. ക്ഷേത്രത്തിലെ ചടങ്ങ് കഴിഞ്ഞ് മന്ത്രി തിരുവനന്തപുരത്തേക്കും അവിടെനിന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്കും അവിടെനിന്നും മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരിലേക്കും പോകും.
ആലപ്പാട്ടെ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം വിഎച്ച്പി ജില്ലാപ്രസിഡന്റ് കെ.ആര്.ഉണ്ണിത്താന്, സെക്രട്ടറി സി.എസ്.ശൈലേന്ദ്രബാബു, വൈസ്പ്രസിഡന്റ് കെ.പി.പരമേശ്വരന്, ധീവരസഭാ ജില്ലാപ്രസിഡന്റ് എസ്.കൃഷ്ണന് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: