കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര ഹയര്‍സെക്കന്ററി സ്കൂളില്‍ എബിവിപി പ്രവര്ത്തകന് ജനക്രാജിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കള്ളപ്രചരണം നടത്തുകയാണെന്ന് എബിവിപി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോട് കൂടി പതിനഞ്ചോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസിലെത്തി എബിവിപി പ്രവര്‍ത്തകനായ ജനക് രാജിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ അര്ജ്ജുന്,രാഗേഷ്, വിവേക്, ഷിബിന്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകനായ ഷിബില്ബാലനെജനക് രാജിന്റെ നേതൃത്വത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാവുങ്കാലില്‍ ബസില്‍ നിന്നും വലിച്ചിറക്കി അക്രമം നടത്തിയെന്ന എസ്എഫ്ഐ നീലേശ്വരം ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് എബിവിപി പറഞ്ഞു.
ഷിബിന്ബാലനെ അക്രമിച്ചു എന്നു പറയുന്ന സമയത്ത് ജനക് രാജ് വീട്ടിലായിരുന്നുവെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വൈകീട്ട് 4.30ന് മാവുങ്കാലില്‍ വരദായിനി ബസില്‍ നിന്നാണ് അക്രമം നടന്നതെന്നും പറയുന്നു.
ഈ സമയത്ത് അങ്ങനെയൊരു ബസ് ഇല്ലെന്നും പറയുന്നു. ഇത്തരത്തില്‍ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് എസ്എഫ്ഐ നിരത്തുന്നത്. സ്വന്തം തെറ്റ് മറച്ചുപിടിക്കാന്‍ എബിവിപി പ്രവര്‍ത്തകരുടെ മേല്‍ കള്ളക്കേസ് ഉണ്ടാക്കുന്ന നടപടി എസ്എഫ്ഐ നേതൃത്വം അവസാനിപ്പിക്കണമെന്നും ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: