തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാന അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കും. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നത്.
അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജെയിംസ് മാത്യു രണ്ടാം പ്രതിയാണ്. ഏറെ സ്വാധീമുള്ള വ്യക്തി എന്ന നിലയില്‍ ജെയിംസ് മാത്യു സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ശശിധരന്റെ സഹാധ്യാപകന് കൂടിയായ എം.വി.ഷാജിയാണ്. ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി 19 ന് പരിഗണിക്കും.
ചുഴലി സ്വദേശിയായ ശശിധരന് ഡിസംബര്‍ പതിനഞ്ചിനാണ് കാസര്‍കോട്ടുള്ള ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്തത്. അധ്യാപകന് എഴുതിയ കത്തില്‍ തന്റെ മരണത്തിനുത്തരവാദി ജെയിംസ് മാത്യു എംഎല്‍എയും സഹാധ്യാപകനായ എം.വി.ഷാജിയുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്ത് കാരണം കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
‘താങ്കള്‍ ഡിസംബര്‍ 13 ന് എന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ജെയിംസ് മാത്യുവിന്റെ പേരില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കീഴ്ജീവനക്കാരനായ എം.വി.ഷാജിയുടെ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ കേട്ടത്. സ്കൂളിലെ മറ്റേതെങ്കിലും അധ്യാപകനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ധാരണ മാറുമായിരുന്നു. കുറഞ്ഞ പക്ഷം എച്ച്എസ്എസ്സിലെ പ്രിന്സിപ്പലിനോടെങ്കിലും.
ഷാജിയുടെ ചരിത്രം മറ്റ് അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. ആയതിനാല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ ഭാര്യയുടെയും മക്കളുടെയും ശാപം നിങ്ങളെ വേട്ടയാടും. എന്റെ ആത്മഹത്യക്ക് നിങ്ങള്‍ രണ്ടാമനായതില്‍ ഞാന്‍ ദു:ഖിക്കുന്നു. പാര്‍ട്ടി അനുഭാവി’. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
ജില്ലാ സമ്മേളനം പടിവാതില്‍ക്കലെത്തി നില്‍ക്കെ എംഎല്‍എയുടെ അറസ്റ്റ് ദോഷകരമായി ബാധിക്കുമെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അറസ്റ്റ് ഒഴിവാക്കി പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് എംഎല്‍എ പോലീസിന് മുമ്പാകെ കീഴടങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: