പറവൂര്‍: ദേശീയപാത 17 ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ദിവസവും അപകടങ്ങളും മരണവും തുടര്‍ക്കഥയാവുകയാണ്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് വരാപ്പുഴ സ്വദേശി ബിനോയ് എന്ന യുവാവിന്റെ ജീവനാണ് അവസാനമായി ഈ ദേശീയപാതയില്‍ പൊലിഞ്ഞത്.
കഴിഞ്ഞ വര്‍ഷം മാത്രം ഈ മേഖലയില്‍ അപകടങ്ങളില്‍പ്പെട്ട് ഇരുപത്തിരണ്ട് പേരാണ് മരണമടഞ്ഞത്.
അംഗഭംഗം വന്നവര്‍ എട്ടോളം പേരുണ്ട്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കുപറ്റികിടപ്പിലായവര് പത്രണ്ടോളം പേരും ഇതില്‍ അഞ്ചുപേര്‍ യുവാക്കളാണ്. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ദേശീയപാതയുടെ വീതികുറവും, അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങളുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചിലഭാഗങ്ങളില്‍ അഞ്ചുമുതല്‍ ആറ് മീറ്റര്‍വരെയാണ് ദേശീയപാതയുടെ വീതി.
ദീര്‍ഘദൂരവാഹനങ്ങളും, കണ്ടെയ്നര്‍ ലോറികളും ഇതിലൂടെയാണ് ചീറിപായുന്നത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല. അപകടങ്ങള്‍ തുടര്‍ക്കഥയായി ജീവിതങ്ങള്‍ പോലിയുമ്പോഴും റോഡ്വികസിപ്പിക്കുന്നതിനോ അമിത വേഗത നിയന്ത്രിക്കുന്നതിനോ നടപടികള്‍ സ്വീകരിക്കാതെ അനങ്ങാപ്പാറനയം സ്വീകരിക്കുന്ന അധികൃതരുടെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: